കൊച്ചി: കൊച്ചി നഗരത്തിന് വേണ്ടി നരേന്ദ്രമോദി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നോട്ടുവെയ്‌ക്കുകയെന്ന് എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ. അമൃത നഗരവും കൊച്ചിൻ റിഫൈനറിക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികളും മെട്രോ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ചർച്ചയാകുമെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു എ.എൻ രാധാകൃഷ്ണൻ.
തികഞ്ഞ വിജയപ്രതീക്ഷയാണ് തൃക്കാക്കരയിൽ ഉളളത്. ഐടി മേഖലയിൽ വലിയ സാദ്ധ്യതയൊരുക്കാൻ സഹായിക്കുന്ന മഹാനഗരം എന്ന് പറയാൻ കഴിയുന്ന തരത്തിൽ സമ്പൂർണ നഗര പ്രദേശമായ തൃക്കാക്കരയിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കാനാകുമെന്നും. നിലവിൽ കേന്ദ്രസർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഗുണഭോക്താക്കളാണ് തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങളെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.
2011 ൽ 5000 ത്തിൽ നിന്ന് ഓരോ തിരഞ്ഞെടുപ്പിലും ബിജെപിക്ക് 400 ഇരട്ടി വോട്ടുകളാണ് തൃക്കാക്കരയിൽ കൂടി വരുന്നത്. ഇതിന്റെ ഒരു രണ്ടിരട്ടി വോട്ടുകൾ കൂടി ഇക്കുറി ലഭിച്ചാൽ വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് തിരിഞ്ഞെടുപ്പിൽ 20,000 ത്തിന് മുകളിൽ വോട്ടുകൾ ബിജെപിക്ക് മണ്ഡലത്തിൽ ലഭിച്ചിരുന്നു. തദ്ദേശ തിരഞ്ഞെുപ്പിലും 20000 ത്തിന് മുകളിൽ വോട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വികസനത്തിന്റെ മുദ്രാവാക്യമാണ് അടിസ്ഥാനപരമായി ഉയർത്തുന്നത്. കേന്ദ്രസർക്കാർ പദ്ധതികളുടെ ബൃഹത്തായ ആനുകൂല്യങ്ങളും തൃക്കാക്കരയിൽ എത്തും.അതിനുളള അവസരമാണിത്. സംസ്ഥാന സർക്കാരിന്റെ പോരായ്മകൾ ജനങ്ങളെ ധരിപ്പിക്കും. മഞ്ഞക്കുറ്റിയടിക്കുന്ന കെ റെയിലും കർഷക ആത്മഹത്യകളും ഉൾപ്പെടെയുളള ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളും ചർച്ചയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സഭകൾ ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിക്കും. പാല ബിഷപ്പിനെതിരെ കളളക്കേസ് എടുത്ത സർക്കാരാണ് പിണറായിയുടേതെന്നും എ.എൻ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. പത്താം തീയതി നാമനിർദ്ദേശ പത്രിക നൽകും.13 ന് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments