ഷിംല : ഹിമാചൽപ്രദേശ് നിയമസഭയ്‌ക്ക് മുൻപിൽ ഖാലിസ്ഥാൻ പതാക സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകൾ നടത്തി സിഖ് ഫോർ ജസ്റ്റിസ്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം എത്തിയ പ്രവർത്തകന്റെ പക്കലാണ് കൊടികൾ കൊടുത്തയച്ചതെന്ന് സംഘടന വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ വീഡിയോയിലൂടെയാണ് ഖാലിസ്ഥാൻ അനുകൂല സംഘടന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ഖാലിസ്ഥാൻ റഫറണ്ടം അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് പഞ്ചാബ് തിരഞ്ഞെടുപ്പിൽ എഎപി ഫണ്ട് വാങ്ങിയതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.
ആറ് മില്യൺ ഡോളറാണ് ആംആദ്മി കൈപ്പറ്റിയതെന്ന് സിഖ്് ഫോർ ജസ്റ്റിസ് ജനറൽ കൗൺസെൽ ഗുർപത്വന്ത് സിംഗ് പന്നൂൻ വ്യക്തമാക്കി. ഇതിന് ശേഷം മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി അടുത്ത ബന്ധമുള്ള ഖാലിസ്ഥാൻ അനുകൂലികളെ ഇതിനായുള്ള പ്രവർത്തനങ്ങൾക്കായി സംഘടന ഉപയോഗിക്കാൻ ആരംഭിച്ചു.
നിയമസഭയ്‌ക്ക് മുന്നിലെ ഖാലിസ്ഥാൻ പതാക മുഖ്യമന്ത്രി ജയറാം താക്കൂറിനുള്ള ശക്തമായ സന്ദേശമാണെന്നും ഗുർപത്വന്ത് സിംഗ് പന്നൂൻ പറഞ്ഞു. ഖാലിസ്ഥാൻ റഫറണ്ടം ഒരിക്കൽ കൂടി പഞ്ചാബിന്റെ ഭാഗമാകുമെന്ന ശക്തമായ സന്ദേശമാണെന്നും പന്നൂൻ വീഡിയോയിൽ പറഞ്ഞു. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലർച്ചെയോ ആണ് നിയമസഭാ കോംപ്ലെക്സിന്റെ പ്രധാന ഗേറ്റിന് മുൻപിലും മതിലിലും ഖാലിസ്ഥാൻ പതാകകൾ കെട്ടിയത്.
ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 38ാം വാർഷിക ദിനത്തിൽ ഖാലിസ്ഥാൻ റഫറണ്ടത്തിനായി വോട്ടുചെയ്യുന്നതിനുളള തിയതി പ്രഖ്യാപിക്കുമെന്നും സിഖ്സ് ഫോർ ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പങ്കാളിയാകുന്ന ജനസഭയിൽ പങ്കെടുക്കാനായാണ് പഞ്ചാബ് മുഖ്യമന്ത്രി ഹിമാചൽപ്രദേശിൽ എത്തിയത്. മാണ്ഡിയിൽ ആയിരുന്നു പരിപാടി.
















Comments