ഗുജറാത്ത്: ഹിന്ദു ദേവീദേവൻമാരുടെ ഛായാചിത്രങ്ങൾ ആക്ഷേപകരമായ രീതിയിൽ പ്രദർശിപ്പിച്ച സർവ്വകലാശാലയ്‌ക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും വിശ്വാസികളും.വഡോദര ആസ്ഥാനമായുള്ള മഹാരാജ സായാജിറാവു സർവ്വകലാശാലയിലാണ് ഹിന്ദു ദേവതകളെ അപമാനിച്ചത്. സർവ്വകലാശാലയിലെ ഫൈൻ ആർട്‌സ് വിഭാഗത്തിലാണ് വിവാദ പ്രദർശനം നടത്തിയത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ പ്രതിഷേധവുമായി എബിവിപി രംഗത്തെത്തി.
ഫൈൻ ആർട്സ് ഫാക്കൽറ്റിയുടെ വാർഷിക ചിത്ര പ്രദർശനത്തിനായി വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ കലാസൃഷ്ടികൾ തയ്യാറാക്കിയിരുന്നു.വിദ്യാർത്ഥികളിൽ ചിലർ പേപ്പർ കട്ടുകൾ ഉപയോഗിച്ചാണ് ദേവതകളുടെ ഛായാചിത്രങ്ങൾ നിർമ്മിച്ചത്. ഛായാചിത്രങ്ങൾ നിർമ്മിയ്‌ക്കാൻ ഉപയോഗിച്ച കട്ട് ഔട്ടുകൾ ബലാത്സംഗവാർത്തകളുടേത് മാത്രമായിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. സംഭവത്തിൽ അന്വേഷണവും ശക്തമായ നടപടിയും ആവശ്യപ്പെട്ട് എബിവിബി പ്രവർത്തകർ വൈസ് ചാൻസലർക്ക് പരാതി നൽകി.
ബലാത്സംഗ വാർത്തകൾ ഉപയോഗിച്ച് ദേവീദേവൻമാരുടെ ചിത്രങ്ങൾ നിർമ്മിയ്‌ക്കുന്നത് അപമാനകരമാണെന്നും അപലപനീയമാണെന്നും എബിവിപി ചൂണ്ടിക്കാട്ടി. ബലാത്സംഗ വിഷയങ്ങൾ ഉയർത്തിക്കാട്ടണമെങ്കിൽ ആവാമെന്നും അതിലേക്ക് പക്ഷേ ഹിന്ദു ദേവതകളെയും ദേവതകളെയും വലിച്ചിഴയ്‌ക്കുന്നത് എന്തുകൊണ്ടെന്ന് എബിവിപി ചോദിച്ചു.
കലയുടെ പേരിൽ മനഃപൂർവം ഹിന്ദു ദേവീദേവന്മാരുടെ ചിത്രങ്ങൾ വികലമാക്കി ഹിന്ദു സമൂഹത്തെ അപമാനിക്കുകയാണെന്ന് എബിവിപി പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ, ഇന്ത്യയുടെ അഭിമാനമായ അശോകസ്തംഭവും വികലമാക്കിയിരിക്കുന്നു. അതിനാൽ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
Comments