കൊളംബോ : സാമ്പത്തിക പ്രതി സന്ധിമൂലം തകർന്നടിയുന്ന ശ്രീലങ്കയിൽ വീണ്ടും സംഘർഷം. രാജ്യതലസ്ഥാനമായ കൊളംബോയിൽ സർക്കാർ വിരുദ്ധ സമരവേദിക്ക് നേരെ ആക്രമണം. പ്രതിപക്ഷ നേതാവിന് നേരെയും മഹിന്ദ അനുകൂലികൾ ആക്രമണം നടത്തി. 17 ഓളം പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരെ കൊളംബോയിലെ നാഷണൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
രാഷ്‌ട്രീയ, സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സ സ്വയം രാജിവെക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അതിനിടെയാണ് മഹിന്ദ അനുകൂലികൾ പ്രതിപക്ഷത്തിന് നേരെ ആക്രമണം നടത്തിയത്.
മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിനു സമീപം പ്രതിഷേധ വേദിയായ മൈനഗോഗാമയ്‌ക്കു പുറത്തുവച്ചാണ് ആക്രമണം അരങ്ങേറിയത്. ഇതിന് സമീപത്തുള്ള ടെന്റുകളെല്ലാം ജനങ്ങൾ തകർത്തു. പ്രതിഷേധക്കാരെ ഒതുക്കാൻ പോലീസിന് ജലപീരങ്കി ഉപയോഗിക്കേണ്ടി വന്നു. പ്രതിഷേധ വേദിയ്‌ക്ക് മനുഷ്യച്ചങ്ങല നിർമ്മിച്ചാണ് പോലീസ് സുരക്ഷ ഒരുക്കിയത്. എന്നാൽ അത് മറികടന്ന് ഭരണപക്ഷ അനുകൂലികൾ ആക്രമണം നടത്തുകയായിരുന്നു.
ഈ സാഹചര്യത്തിൽ കൊളംബോയിലെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.
















Comments