പാട്‌ന: കാമുകിയുടെ വിവാഹ വേദിയിൽ അതിക്രമിച്ച് കയറി കഴുത്തിൽ താലി ചാർത്തി യുവാവ്. ബിഹാറിലെ ജയമലയിലാണ് സംഭവം. അമൻ എന്ന യുവാവാണ് വിവാഹ വേദിയിലെത്തി കാമുകിയുടെ കഴുത്തിൽ വരണമാല്യം ചാർത്തുകയും നെറ്റിയിൽ ബലമായി സിന്ദൂരം ചാർത്തുകയും ചെയ്തത്. പ്രതിശ്രുത വരനും ബന്ധുക്കളും നോക്കി നിൽക്കെയാണ് സംഭവം. വിവാഹ വേദിയിൽ പിന്നീട് നടന്നത് നാടകീയ രംഗങ്ങളാണ്.
വിവാഹ ചടങ്ങിനെത്തിയ വരന്റേയും വധുവിന്റേയും ബന്ധുക്കൾ അമനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കി. പിന്നാലെ പോലീസ് പ്രദേശത്തെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വധുവും അമനും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇത് വീട്ടുകാർ എതിർക്കുകയും മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകയുമായിരുന്നു. കാമുകനും വധുവും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് വിവാഹ വേദിയിലുണ്ടായ രംഗങ്ങൾ.
വധു ഫോൺ വിളിച്ചതിനെ തുടർന്നാണ് കാമുകൻ വേദിയിലെത്തിയതെന്നും താലി ചാർത്തിയതെന്നും പോലീസ് കണ്ടെത്തി. ബന്ധുക്കളെല്ലാവരും കൂടെ പൊതിരെ തല്ലിയിട്ടും പ്രതികരിക്കാതിരുന്നതും ഇവരുടെ പദ്ധതി പ്രകാരമായിരുന്നുവെന്ന് പോലീസ് പറയുന്നു. പരാതി നൽകിയാൽ കേസെടുക്കാമെന്ന് പോലീസ് പറഞ്ഞെങ്കിലും ആരും അതിന് തയ്യാറായില്ല. ഇതോടെ കസ്റ്റഡിയിലായിരുന്ന അമനെ വിട്ടയച്ചു.
Comments