പന്നിയുടെ ഹൃദയം മനുഷ്യനിൽ.. ഏറെ അമ്പരപ്പോടെയാണ് ഈ വാർത്ത നാം കേട്ടത്.. ഒരു മൃഗത്തിന്റെ ഹൃദയം മനുഷ്യന് സ്വീകരിക്കാൻ കഴിയുമോയെന്ന് പലരും സംശയിച്ചു.. വാർത്ത സത്യമാണെന്നറിഞ്ഞതോടെ ശാസ്ത്രലോകത്തിന്റെ സുപ്രധാന നേട്ടത്തിന് ലോകം കയ്യടിച്ചു. എന്നാൽ ആ മനുഷ്യൻ പിന്നെ ജീവിച്ചിരുന്നത് കുറച്ച് ദിവസങ്ങൾ മാത്രമാണ്. പക്ഷെ മരണകാരണം അജ്ഞാതമായിരുന്നു.. ഇയാൾക്ക് സംഭവിച്ചത് എന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ ശാസ്ത്രലോകം..
പന്നിയുടെ ഹൃദയം ആദ്യമായി മനുഷ്യനിൽ വെച്ചുപിടിപ്പിച്ചതും ഏതാനും ദിവസങ്ങൾക്കുള്ളിൽ അയാൾ മരിച്ചതും ശാസ്ത്രലോകത്തെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എന്തുകൊണ്ടാണ് 57-കാരനായ ഡേവിഡ് ബെന്നെറ്റ് മരിച്ചതെന്ന് കണ്ടെത്താൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനകൾക്കൊടുവിൽ ശാസ്ത്രജ്ഞർ അതു തിരിച്ചറിഞ്ഞു. ഡേവിഡിന്റെ ശരീരത്തിൽ വെച്ചുപിടിപ്പിച്ച പന്നിയുടെ ഹൃദയത്തിൽ അനിമൽ വൈറസ് ഉണ്ടായിരുന്നു
പോർസൈൻ സൈറ്റോമെഗലോ എന്ന വൈറസിനെയാണ് ഗവേഷകർ കണ്ടെത്തിയത്. ഇത് മൃഗങ്ങളിൽ കാണപ്പെടുന്ന വൈറസാണെന്നും അവർ തിരിച്ചറിഞ്ഞു. ഈ വൈറസ് ഡേവിഡിന്റെ ശരീരത്തിൽ അണുബാധയ്‌ക്ക് ഇടയാക്കിയെന്നും ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഡേവിഡിന്റെ ജീവൻ അപഹരിച്ചതിന് ഈ അനിമൽ വൈറസാണോയെന്ന കാര്യവും ആരോഗ്യസ്ഥിതിയെ മോശമാക്കാൻ വൈറസ് കാരണമായോ എന്ന കാര്യവും സ്ഥിരീകരിച്ചിട്ടില്ല.
ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. അമേരിക്കയിലെ മേരിലാൻഡ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇതിനായി ഉപയോഗിച്ചത്. ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് മേരിലാൻഡ് സ്വദേശിയായിരുന്നു.
ഏഴ് മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയയ്‌ക്ക് ഒടുവിലായിരുന്നു ഡോക്ടർമാരുടെ പരീക്ഷണം പൂർത്തിയാക്കാനായത്. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യനിൽ വെച്ചുപിടിപ്പിക്കുന്നതിനുള്ള അനന്തമായ സാധ്യതകൾ ഇത് വെച്ചുനീട്ടി. അവയവ ക്ഷാമം പരിഹരിക്കുന്നതിൽ നിർണായക ചുവടുവെപ്പാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
എന്നാൽ പന്നിയുടെ ഹൃദയം വെച്ച് രണ്ട് മാസത്തിനുള്ളിൽ ബെന്നറ്റ് മരിച്ചതോടെ ശാസ്ത്രലോകം നിരാശയിലായി. ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും ബെന്നറ്റിന് എന്ത് സംഭവിച്ചുവെന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഏതായാലും പന്നിയുടെ ഹൃദയത്തിൽ വൈറസുണ്ടായിരുന്നു എന്നത് കണ്ടെത്തിയതോടെ ഇത് മരണകാരണം കണ്ടെത്താൽ നിർണായകമാകുമെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
Comments