ന്യൂഡൽഹി: ഡൽഹിയിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന ‘ബുൾഡോസർ നടപടി’ ഇന്നും തുടരും. തെക്കൻ ഡൽഹിയിലെ ഒഖലയിലുള്ള ന്യൂ ഫ്രണ്ട്‌സ് കോളനിയിൽ നിന്നും അനധികൃത കെട്ടിടങ്ങൾ പൊളിച്ചു മാറ്റി തുടങ്ങി. കനത്ത പോലീസ് സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഷഹീൻബാഗിലെ ഒഴിപ്പിക്കൽ നടപടിയ്‌ക്ക് പിന്നാലെയാണിത്. ന്യൂഫ്രണ്ട്‌സ് കോളനിയിൽ ഇന്ന് പൊളിക്കൽ നടപടി തുടരുമെന്ന് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചിരുന്നു.
വടക്കൻ ഡൽഹിയിലെ മങ്കോൾപുരിയിലും ബുൾഡോസറെത്തി അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റി തുടങ്ങി. ഇവിടെ രണ്ട് ക്ഷേത്രങ്ങളും ഒരു മുസ്ലീം പള്ളിയുമുണ്ട്. ചെറിയ കടകളും പ്രദേശത്തുണ്ടായിരുന്നു. അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ കടകളൊക്കെ ആളുകൾ നീക്കം ചെയ്തു. മെയ് 13 വരെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി തുടരുമെന്ന് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
മംഗോൾപുരിയിലെ വൈ ബ്ലോക്കിൽ ലോക്കൽ പോലീസിനേയും സിആർപിഎഫിനേയും വിന്യസിച്ചു. അൽപ്പസമയത്തിനകം ഡൽഹി പോലീസിന്റെ സംഘവും പ്രദേശത്തെത്തും. റോഡ് ഗതാഗതം ചിലയിടങ്ങളിൽ തടഞ്ഞിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചും സ്ഥിതിഗതികൾ പോലീസ് നിരീക്ഷിക്കുകയാണ്. ക്ഷേത്രവും പള്ളിയുമുള്ളതിനാൽ അതീവ ശ്രദ്ധയോടെയാണ് പൊളിക്കൽ നടപടികൾ നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Comments