തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിർദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും മറ്റ് ജില്ലകളും ശ്രദ്ധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിപ സമാന ലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വവ്വാലുകളുടെ പ്രജനന കാലമായതിനാൽ നിരീക്ഷണവും ബോധവൽക്കരണവും ശക്തമാക്കും. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോട് കൂടിയായിരിക്കും പ്രതിരോധമൊരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
നിപ വൈറസിന്റെ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാലാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടത്. 2018 ലാണ് സംസ്ഥാനത്ത് കോഴിക്കോട് നിപ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. അന്ന് 18 പേർക്ക് നിപ ബാധിച്ചിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. 2019ൽ എറണാകുളത്ത് വിദ്യാർത്ഥിക്ക് നിപ വൈറസ് ബാധിച്ചെങ്കിലും രക്ഷപ്പടുത്തി. 2021ൽ സെപ്റ്റംബറിൽ കോഴിക്കോട് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്തു. അന്ന് നിപ ബാധിച്ച 12 വയസുകാരൻ മരണമടഞ്ഞിരുന്നു. സംഭവം അറിഞ്ഞയുടൻ മന്ത്രി വീണാ ജോർജ് കോഴിക്കോടെത്തി ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മറ്റാർക്കും വൈറസ് ബാധ പടരാതിരിക്കാൻ സാധിച്ചു.
നിപ ബാധിത പ്രദേശത്ത് നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസിന് എതിരായ ഐജിജി ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. അതിനാൽ തന്നെ ഇത്തവണ ജാഗ്രത ശക്തമാക്കും. വവ്വാലുകളുടെ സമ്പർക്കം ഒഴിവാക്കേണ്ടതാണ്. നിലത്ത് വീണതും പക്ഷികൾ കടിച്ചതുമായ പഴങ്ങൾ കഴിക്കരുത്. പഴങ്ങൾ നന്നായി കഴുകി ഉപയോഗിക്കണം. വവ്വാലുകളുള്ള പ്രദേശങ്ങളിലുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.
നിപ പ്രതിരോധത്തിന് ആരോഗ്യ പ്രവർത്തകരേയും അനുബന്ധ പ്രവർത്തകരേയും സജ്ജമാക്കുന്നതിനായി മേയ് 12ന് കോഴിക്കോട് ജെൻഡർ പാർക്കിൽ ആരോഗ്യ വകുപ്പ് വിപുലമായ ശിൽപശാല സംഘടിപ്പിക്കുന്നു. നിപ അനുഭവവും പഠനവും എന്ന വിഷയം അടിസ്ഥാനമാക്കിയാണ് ശിൽപശാല. രാവിലെ 10 മണിക്ക് മന്ത്രി വീണാ ജോർജ് ശിൽപശാല ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. എല്ലാ ജില്ലകളിൽ നിന്നുമുള്ള ആരോഗ്യം, വനം, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും.
ഐസിഎംആർ, എൻസിഡിസി, എൻഐവി പൂന, എൻഐവി ആലപ്പുഴ, സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, എല്ലാ മെഡിക്കൽ കോളേജിലേയും കമ്മ്യൂണിറ്റി മെഡിസിൻ, മൈക്രോബയോളജി, മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ, ആരോഗ്യ വകുപ്പിലെ വിദഗ്ധ ഡോക്ടർമാർ, എല്ലാ ജില്ലകളിലേയും ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ല സർവയലൻസ് ഓഫീസർമാർ, വനം, മൃഗ സംരക്ഷണം വകുപ്പിലെ ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
Comments