ലക്‌നൗ : മൂന്ന് ഭാര്യമായിലും കുട്ടികൾ ഉണ്ടായില്ലെന്ന് പറഞ്ഞ് നാലാമത് വിവാഹം കഴിക്കാനൊരുങ്ങി അദ്ധ്യാപകൻ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ജയ്പൂരിലെ മെഡിക്കൻ ഇൻസ്റ്റിറ്റിയൂഷനിൽ പ്രവർത്തിക്കുന്ന യുവാവാണ് അച്ഛനാകാൻ വേണ്ടി നാലാമത്തെ കല്യാണത്തിന് ഒരുങ്ങുന്നത്. എന്നാൽ ഇയാൾക്കെതിരെ പരാതിയുമായി ആദ്യ ഭാര്യമാർ രംഗത്തെത്തി.
മെയ് 12 നാണ് വിവാഹം നിശ്ചിയിച്ചിരിക്കുന്നത്. ഭാര്യമാർക്ക് കുട്ടികളെ നൽകാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞാണ് ഇയാൾ വീണ്ടും വിവാഹം കഴിക്കുന്നത് എന്ന് ഭാര്യമാർ ഫാമിലി കൗൺസിലിംഗ് സെന്ററിൽ പരാതിപ്പെട്ടു. ഇയാളുടെ ആദ്യത്തെ ഭാര്യ നേരത്തെ തന്നെ ഈ ബന്ധം വേർപ്പെടുത്തിയിരുന്നു.
20 ാം വയസിലാണ് ഇയാൾ ആദ്യമായി വിവാഹം കഴിച്ചത്. അഞ്ച് വർഷത്തിന് ശേഷവും കുട്ടികൾ ഉണ്ടായില്ല. ഈ വിഷമം പറഞ്ഞതോടെ ഭാര്യ തന്റെ സഹോദരിയെ ഇയാൾക്ക് വിവാഹം കഴിച്ചു കൊടുത്തു. എന്നാൽ മൂന്ന് വർഷം ആയിട്ടും ഇവർക്കും കുട്ടികൾ ആയില്ല. അപ്പോഴേക്കും ആദ്യ ഭാര്യ വിവാഹ മോചനം നേടിയിരുന്നു.
തുടർന്ന് ഇയാൾ രണ്ടാമത്തെ ഭാര്യയെ വൈകാരികമായി സമീപിച്ച് അച്ഛനാകാൻ സാധിക്കാത്തതിന്റെ ദുഃഖം പങ്കുവെച്ചു. ഇതോടെ രണ്ടാം ഭാര്യ മൂന്നാമത് വിവാഹം കഴിക്കാൻ സമ്മതിച്ചു. എന്നാൽ മൂന്നാം ഭാര്യയിലും ഇയാൾക്ക് കുട്ടികൾ ജനിച്ചില്ല. ഇതോടെ രണ്ട് ഭാര്യമാരും ആശുപത്രിയിലെത്തി പരിശോധന നടത്തി.
പരിശോധനയിൽ ഭാര്യമാരിൽ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതോടെ ഭർത്താവിനോട് മെഡിക്കൽ പരിശോധന നടത്താൻ ഇവർ നിർബന്ധിക്കുകയായിരുന്നു. എന്നാൽ ഭാര്യമാരുമായി വഴക്കിട്ട ഇയാൾ നാലാമത്തെ വിവാഹത്തിന് തയ്യാറെടുത്തു.
ഇനിയുമൊരു സ്ത്രീയുടെ ജീവിതം നശിപ്പിക്കാനാകില്ലെന്ന് പറഞ്ഞാണ് ഇയാളുടെ രണ്ട് ഭാര്യമാരും പരാതിയുമായി എത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ നടപടി സ്വീകരിക്കുമെന്ന് ഫാമിലി കൗൺസിലിംഗ് സെന്റർ ഇൻചാർജ് ഖമർ സുൽത്താന അറിയിച്ചു.
Comments