മുംബൈ : ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ എറിഞ്ഞുവീഴ്ത്തി ഗുജറാത്ത് ടൈറ്റൻസ്. 62 റൺസിനാണ് ലക്നൗവിനെ പരാജയപ്പെടുത്തിയത്. ഗുജറാത്ത് ഉയർത്തിയ 145 എന്ന വിജയലക്ഷ്യം പിന്തുടർന്നെത്തിയ ലക്നൗവിന് 13.5 ഓവർ ആയപ്പോഴേക്കും മുഴുവൻ വിക്കറ്റും നഷ്ടമായി. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് 144 റൺസ് എടുത്തപ്പോൾ 13.5 ഓവറിൽ 82 റൺസിൽ ലക്നൗ ഓൾ ഔട്ടായി.
ടൈറ്റൻസിന് വേണ്ടി ശുഭ്മാൻ ഗിൽ ആദ്യാവസാനം ക്രീസിൽ നിറഞ്ഞുനിന്നപ്പോൾ, ലക്നൗവിന് വേണ്ടി ദീപക് ഹൂഡ മാത്രമാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ഇതോടെ ഈ സീസണിൽ പ്ലേ ഓഫിൽ ഇടം പിടിക്കുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റൻസ് മാറി. ഐപിഎല്ലിൽ ആദ്യമായാണ് ഗുജറാത്ത് ടൈറ്റൻസ് കളിക്കുന്നത്.
ഗുജറാത്തിന് വേണ്ടി ആദ്യമിറങ്ങിയ വൃദ്ധിമാൻ സാഹ 11 ബോളിൽ 1 ബൗണ്ടറിയുൾപ്പെടെ 5 റൺസ് മാത്രമെടുത്ത് പുറത്തായി. എന്നാൽ ഒപ്പമിറങ്ങിയ ശുഭ്മാൻ 49 ബോളിൽ 7 ബൗണ്ടറിയുൾപ്പെടെ 63 റൺസ് എടുത്ത് പുറത്താകാതെ നിന്നു. മാത്യു വേഡ് 7 ബോളിൽ 10 റൺസും ഹാർദിക് പാണ്ഡെ 13 ബോളിൽ 11 റൺസുമെടുത്ത് പുറത്തായി.
പിന്നാലെ വന്ന ഡേവിഡ് മില്ലർ 24 ബോളിൽ ഒരു സിക്സറും ഒരു ബൗണ്ടറിയുമുൾപ്പെടെ 26 റൺസ് നേടിക്കൊണ്ട് ഗില്ലിന് പിന്തുണ നൽകി. രാഹുൽ തേവാതിയ 16 ബോളിൽ 22 റൺസ് എടുത്തു.
ലക്നൗവിന് വേണ്ടി അവേഷ് ഖാൻ രണ്ട് വിക്കറ്റും മൊഹ്സിൻ ഖാനും ജെയ്സൺ ഹോൾഡറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ലക്നൗ സൂപ്പർ ജയന്റ്സിന് വേണ്ടി ഇറങ്ങിയ ദീപക് ഹൂഡ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത് 26 പന്തിൽ മൂന്ന് ബൗണ്ടറിയുൾപ്പെടെ ഹൂഡ 27 റൺസ് നേടി. ക്വിന്റൺ ഡി കോക്കും അവേഷ് ഖാനും രണ്ടക്കം കടന്നു. ഡി കോക്ക് 10 ബോളിൽ 11 റൺസ് എടുത്തപ്പോൾ അവേഷ് ഖാൻ 4 ബോളിൽ 12 റൺസ് എടുത്തു. മറ്റ് ടീമംഗങ്ങൾക്കൊന്നും തന്നെ രണ്ടക്കം കടക്കാൻ പോലുമായില്ല.
ഗുജറാത്തിന് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയത് റാഷിദ് ഖാനാണ്. നാല് വിക്കറ്റാണ് റാഷിദ് തെറിപ്പിച്ചത്. യഷ് ദയാലും രവിശ്രീനിവാസൻ സായ് കിഷോറും രണ്ട് വിക്കറ്റ് വിതവും, മുഹമ്മദ് ഷമി 1 വിക്കറ്റും വീഴ്ത്തി.
Comments