കീവ് : യുദ്ധത്തിൽ തകർന്നടിയുന്ന യുക്രെയ്‌നിന് വീണ്ടും സഹായവുമായി ജർമ്മനി. ഒരു ലക്ഷം യുക്രെയ്ൻ അഭയാർത്ഥികൾക്ക് ജർമ്മനി അഭയം നൽകി. ഇതിൽ കുറച്ച് പേർക്ക് സ്വന്തം രാജ്യത്തേക്ക് തന്നെ തിരികെ പോകണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ പകുതിയിലധികം ആളുകൾ ബെർലിനിൽ തന്നെ താമസിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബെർലിൻ മേയർ ഫ്രാൻസിസ്‌ക ജിഫേ അറിയിച്ചു.
യുക്രെയ്‌നിൽ യുദ്ധം നിർത്താൻ സമയമായിട്ടില്ലെന്നും അത് ഇനിയും തുടരുമെന്നും റഷ്യൻ പ്രസിഡന്റ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജീവനും കൊണ്ട് രക്ഷപ്പെടുകയാണ്. ഒരു ലക്ഷത്തോളം പേർ ഇപ്പോൾ ബെർലിനിൽ എത്തിക്കഴിഞ്ഞു എന്നാണ് വിവരം. ഇതിൽ 50,000 ത്തോളം പേരെ ബെർലിൻ സുരക്ഷിതമായി പാർപ്പിച്ചിട്ടുണ്ട്. 40,000 ത്തോളം പേർക്ക് ആവശ്യമായ സഹായങ്ങളും എത്തിച്ച് നൽകുന്നുണ്ട്. യുക്രെയ്‌നിൽ നിന്നെത്തിയ കുട്ടികൾക്ക് കിന്റർ ഗാർഡനിലും സ്‌കൂളിലും പോകാനുള്ള സൗകര്യങ്ങളും ജർമ്മനി ഒരുക്കി നൽകുന്നുണ്ട്. 3,000 ത്തോളം കുട്ടികളാണ് സ്‌കൂളിൽ പോകുന്നത്, ആയിരത്തിലധികം കുട്ടികൾ കിന്റർ ഗാർഡനിലും പോകുന്നുണ്ട്. 4000 ത്തിൽ അധികം അദ്ധ്യാപകരെ യുക്രെയ്ൻ അഭയാർത്ഥികളെ പഠിപ്പിക്കാൻ വേണ്ടി നിയോഗിച്ചിരിക്കുകയാണ്.
യുക്രെയ്‌നിന് എല്ലാ പിന്തുണയും ഉറപ്പ് നൽകുന്ന ജർമ്മനി പ്രതിരോധ സഹായങ്ങളും മരുന്നും എത്തിച്ച് നൽകുന്നുണ്ട്. യുക്രെയ്‌നിൽ നിന്നെത്തുന്ന 2,30,000 ത്തോളം പേരെ ബെർലിനിൽ താമസിപ്പിക്കാനാകും എന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ നിരവധി പേർ മറ്റ് ഫെഡറൽ സ്റ്റേറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 54,000 ത്തോളം ആളുകൾ ബെർലിനിൽ റെസിഡൻസ് പെർമിറ്റിന് അപേക്ഷിച്ചിട്ടുണ്ട്. ഇവരുടെ അപേക്ഷകൾ പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.
Comments