തിരുവനന്തപുരം ; സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി. സർക്കാർ ജീവക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണമില്ല. ഈ സാഹചര്യത്തിൽ ശമ്പളം 10 ശതമാനം മാറ്റിവെക്കണം എന്ന നിർദ്ദേശം ധനവകുപ്പിന് മുന്നിലുണ്ട് എന്നാണ് വിവരം.
സംസ്ഥാന സർക്കാർ കടക്കെണിയിൽ പെട്ട സാഹചര്യത്തിൽ കേന്ദ്രത്തോട് 4000 കോടി രൂപ കടമായി ചോദിച്ചിരുന്നു. ഇത് അനുവദിക്കാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത് എന്നാണ് വിവരം. കഴിഞ്ഞ മാസം ശമ്പളം മുടങ്ങാതിരിക്കാൻ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 25 ലക്ഷത്തിൽ കൂടുതൽ പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് ഈ മാസം മുന്നോട്ട് കൊണ്ടുപോകുന്നത്.
നടപ്പ് സാമ്പത്തിക വർഷം തുടങ്ങിയതിന് ശേഷം നിരവധി തവണ കടമെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ കേന്ദ്രം ഇതിന് അനുമതി നൽകിയിട്ടില്ല. മുൻവർഷങ്ങളിൽ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കിൽ പൊരുത്തക്കേടുകളുണ്ട്. കിഫ്ബി ഉൾപ്പെടെയുള്ള ഏജൻസികളും പൊതുമേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടവും സർക്കാരിന്റെ കടമായി കണക്കാക്കണമെന്നാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിർദേശം. ഈ സാഹചര്യത്തിലാണ് കേന്ദ്രം അനുമതി നൽകാൻ വൈകുന്നത് എന്നാണ് വിവരം.
കണക്കിലെ പൊരുത്തക്കേടിനെപ്പറ്റിയും കൊറോണ കാലത്ത് അനുവദിച്ച അധികവായ്പ വിനിയോഗത്തെപ്പറ്റിയും കേന്ദ്രം വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി നൽകിയെന്നും കേന്ദ്ര കടം അനുവദിച്ചില്ലെങ്കിൽ മുഖ്യമന്ത്രി ഇടപെടുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 32,425 കോടി രൂപയാണ് ഈ സാമ്പത്തികവർഷം കേരളത്തിന് കടമെടുക്കാൻ കേന്ദ്രം നിശ്ചയിച്ച പരിധി. റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് വായ്പയെടുക്കുന്നത്.
















Comments