ശ്രീലങ്കൻ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ; അധികാര മാറ്റം നിർണ്ണായക ഘട്ടത്തിൽ

Published by
Janam Web Desk

പാർലമെന്റിൽ ഒരു സീറ്റ് മാത്രമുള്ള യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ തലവൻ റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി മടങ്ങിയെത്തി. രാജ്യം അതിന്റെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനിടെയാണ് ഇന്ന് വൈകീട്ട് വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തത്. മഹീന്ദ രാജപക്സെ രാജിവച്ചതിന് മൂന്ന് ദിവസത്തിന് ശേഷമാണ് വിക്രമസിംഗെയുടെ അധികാരമേൽക്കൽ.

അഞ്ച് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന വിക്രമസിംഗെയെ 2018 ഒക്ടോബറിൽ അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കിയിരുന്നു. രണ്ട് മാസത്തിന് ശേഷം സിരിസേന അദ്ദേഹത്തെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചു. രാജപക്സെയുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക പൊതുജന പെരമുനയിൽ (എസ്എൽപിപി) വോട്ടർമാർ വിശ്വാസമർപ്പിച്ചതിനാൽ തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന്റെ പാർട്ടി പരാജയം നേരിട്ടു.

225 അംഗ പാർലമെന്റിൽ വിക്രമസിംഗെക്ക് ഭൂരിപക്ഷം ലഭിക്കാൻ ഭരണകക്ഷിയായ എസ്എൽപിപി അംഗങ്ങളും പ്രധാന പ്രതിപക്ഷമായ സമാഗി ജന ബലവേഗയ (എസ്ജെബി) യുടെ ഒരു വിഭാഗവും മറ്റ് നിരവധി പാർട്ടികളും പിന്തുണ അറിയിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം വിക്രമസിംഗെ കൊളംബോയിലെ ക്ഷേത്രം സന്ദർശിക്കുകയും തുടർന്ന് ചുമതലകൾ ഏറ്റെടുക്കുകയും ചെയ്യും.

 

Share
Leave a Comment