തിരുവനന്തപുരം: പെരിന്തൽമണ്ണയിൽ സമസ്തയുടെ മദ്രസ പൊതുപരിപാടിക്കിടെ മുതിർന്ന നേതാവ് വിദ്യാർത്ഥിനിയെ മോശമായ രീതിയിൽ അപമാനിക്കുകയും ഇറക്കിവിടുകയും ചെയ്തത് സാക്ഷര കേരളത്തിന് ലജ്ജാകരമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആതിര വിജയകുമാർ.
ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സമ്മാനം ഏറ്റുവാങ്ങാൻ വന്ന പെൺകുട്ടിയെ ആണ് ഇത്തരത്തിൽ വേദിയിൽ നിന്ന് ഇറക്കിവിട്ട് അപമാനിച്ചത്. സമസ്തയുടെ നിയമ പ്രകാരം പെൺകുട്ടിക്ക് പകരം രക്ഷകർത്താവ് വേദിയിൽ വന്ന് സമ്മാനം വാങ്ങിയാൽ മതിയെന്നാണ് തിട്ടൂരം.
ശക്തമായ നിയമ വ്യവസ്ഥകൾ നിലനിൽക്കുന്ന നാട്ടിൽ പെൺകുട്ടിയായി എന്ന പേരിൽ മാത്രം ഒരു വിദ്യാർത്ഥിയെ സമൂഹത്തിൽ നിന്നും മാറ്റി നിർത്താൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യൻ ഭരണഘടനയുടെയും മറ്റ് അനുബന്ധ നിയമങ്ങളുടെയും ലംഘനമാണിത്.
അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് എത്രയും പെട്ടന്ന് സമസ്തയുടെ മുതിർന്ന നേതാവിനെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷനും ദേശീയ വനിതാ ശിഷു ക്ഷേമ മന്ത്രാലയത്തിനും എബിവിപി പരാതി നൽകി.
Comments