ന്യൂഡൽഹി: കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനുളള രാഹുൽ ഗാന്ധിയുടെ യാത്ര ട്രെയിനിൽ. ഡൽഹിയിൽ നിന്നും വ്യാഴാഴ്ച വൈകിട്ടാണ് രാഹുൽ ശിബിരം നടക്കുന്ന ഉദയ്പൂരിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചത്. സരയ് രോഹില റെയിൽവേ സ്‌റ്റേഷനിൽ രാഹുൽ എത്തുന്നുവെന്ന് അറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ കാണാൻ എത്തിയത് തിക്കും തിരക്കുമുണ്ടാക്കുകയും ചെയ്തു.
സ്റ്റേഷനിലെ എസ്‌കലേറ്ററിൽ പോലും രാഹുലിനൊപ്പം മുദ്രാവാക്യം വിളിച്ച്
നിരവധി പ്രവർത്തകരാണ് കൊടികളും മറ്റുമായി കയറിയത്. യാത്രയ്‌ക്കിടെ പട്ടൗഡി റെയിൽവേ സ്റ്റേഷനിലും രാഹുലിനെ കാണാൻ നിരവധി പേരെത്തിയിരുന്നു. സാധാരണ റോഡ് മാർഗമോ ഹെലികോപ്ടർ മാർഗമോ ആണ് രാഹുൽ സഞ്ചരിക്കുന്നത്. വെളളിയാഴ്ചയാണ് ചിന്തൻ ശിബിരം ആരംഭിക്കുന്നത്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് നാനൂറോളം കോൺഗ്രസ് നേതാക്കളാണ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കുന്നത്. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിരോധിക്കാനും പാർട്ടിയുടെ പുനരുജ്ജീവനവുമാണ് ചിന്തൻ ശിബിരത്തിലെ പ്രധാന അജൻഡകൾ.
രാഹുൽ ഗാന്ധിയെ അദ്ധ്യക്ഷനാക്കണമെന്ന വിഷയവും ശിബിരത്തിൽ പ്രതിനിധികൾ ഉന്നയിക്കും. കെ. സുധാകരൻ, ഉമ്മൻചാണ്ടി, വിഡി സതീശൻ അടക്കമുളള നേതാക്കൾ കേരളത്തിൽ നിന്നും നവ് സങ്കൽപ് ശിബിർ – 2022 പരിപാടിയിൽ പങ്കെടുക്കാൻ ഉദയ്പൂരിൽ എത്തിയിട്ടുണ്ട്.
















Comments