കൊച്ചി: എസ്ഡിപിഐും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടന ആണെന്നതിൽ സംശയമില്ലെന്ന് ഹൈക്കോടതി. എന്നാൽ നിരോധിത സംഘടനയല്ലെന്നും കോടതി പറഞ്ഞു. പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഗുരുതരമായ അക്രമ സംഭവങ്ങളിൽ ഏർപ്പെടുന്ന തീവ്രവാദ സംഘടനകളാണ് ഇവ രണ്ടുമെന്ന് ജസ്റ്റിസ് കെ. ഹരിപാൽ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. എലപ്പുള്ളിയിലെ ആർഎസ്എസ് തേനാരി മണ്ഡലത്തിന്റെ സെക്രട്ടറിയായിരുന്നു സഞ്ജിത്ത്. തീവ്രസംഘടനകളായ പിഎഫ്‌ഐയും എസ്ഡിപിഐയും തന്റെ ഭർത്താവിനെ നോട്ടമിട്ടിരുന്നതായി സഞ്ജിത്തിന്റെ ഭാര്യ അർഷിത ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
എസ്ഡിപിഐയും പിഎഫ്ഐയും വലിയ ഗൂഢാലോചകൾ നടത്തിയാണ് സഞ്ജിത്തിനെ കൊന്നത്. തീവ്രവാദ ഗ്രൂപ്പുകൾക്ക് എതിരായിരുന്ന സഞ്ജിത്ത് സമുദായങ്ങൾക്കിടയിൽ സമാധാനം നിലനിർത്താൻ ശ്രമിച്ച ആളാണ്. മറ്റ് സമുദായങ്ങളിൽ നിന്നുള്ള ആളുകളെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചുമാണ് എസ്ഡിപിഐയും പിഎഫ്ഐയും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നത്. അന്വേഷണ ഏജൻസി ശരിയായ രീതിയലല്ല കേസ് അന്വേഷിച്ചതെന്നും അർഷിത ഹർജിയിൽ പറഞ്ഞു.
Comments