എറണാകുളം: സോളാർ പീഡനക്കേസിൽ എംപി ഹൈബി ഈഡനെ സിബിഐ ചോദ്യം ചെയ്തു. കൊച്ചിയിൽ ആയിരുന്നു ചോദ്യം ചെയ്യൽ. പരാതിക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആറ് കേസുകളിൽ ഒന്നിൽ പ്രതി ഹൈബി ഈഡനാണ്. ഈ സാഹചര്യത്തിലാണ് സിബിഐ എംപിയുടെ മൊഴിയെടുത്തത്.
ഹൈബി ഈഡൻ എംഎൽഎയായിരുന്നപ്പോൾ എംഎൽഎ ഹോസ്റ്റലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി സിബിഐയ്‌ക്ക് നൽകിയിരിക്കുന്ന പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ ഹോസ്റ്റലിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംപിയെ ചോദ്യം ചെയ്തത്.
ഒരു മണിക്കൂർ നേരമാണ് അന്വേഷണ സംഘം ഹൈബി ഈഡനിൽ നിന്നും മൊഴിയെടുത്തത്. മൊഴികൾ പരിശോധിച്ച ശേഷം എംപിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. കേസിൽ ആദ്യമായാണ് ഒരു പ്രമുഖ നേതാവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
സോളാർ പദ്ധതിയ്‌ക്ക് സഹായം നൽകാമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രിമാരും ജനപ്രതിനിധികളും മന്ത്രിമന്ദിരങ്ങളിലും, എംഎൽഎ ഹോസ്റ്റലുകളിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെ കേസിൽ പ്രതികളാണ്. വരും ദിവസങ്ങളിൽ ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, മുൻ മന്ത്രി അനിൽ കുമാർ, അടൂർ പ്രകാശ് എംപി എന്നിവരെയും സിബിഐ ചോദ്യം ചെയ്യും.
Comments