കാസർകോട് സ്വദേശിയായ മോഡൽ ഷഹനയുടെ മരണത്തിൽ കുറിപ്പുമായി നടൻ മുന്ന. ഷഹനയ്‌ക്കൊപ്പം പ്രവർത്തിച്ച സമയത്തെ ചിത്രങ്ങൾ പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്. ഷഹനയ്‌ക്കൊപ്പം എടുത്ത ആദ്യ ചിത്രവും അവസാന ചിത്രവും മുന്ന പങ്കുവെച്ചിട്ടുണ്ട്. സത്യം പുറത്തുവരണമെന്നും അവസാന ചിത്രമാകും ഇതെന്ന് കരുതിയില്ലെന്നും മുന്ന സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘നീ ഞങ്ങളെ വിട്ടു പോയി എന്നത് ഞെട്ടലോടെയാണ് മനസിലാക്കിയത്. വലിയ പ്രതീക്ഷ നൽകിയ നടിയായിരുന്നു നീ. ദാരുണമായ അന്ത്യം. ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് ഒരുപാട് നല്ല ഓർമ്മകളുണ്ട്, ഒരുപാട് വേദനയുണ്ട്. ഒരുപാട് മിസ് ചെയ്യും. കുടുംബത്തിനായി പ്രാർത്ഥനകൾ. ഷൂട്ടിന്റെ അവസാനദിനം പകർത്തിയ ചിത്രമാണിത്. ഇത് നമ്മുടെ അവസാന ചിത്രമാവുമെന്ന് കരുതിയില്ല. സത്യം ഉടൻ പുറത്തുവന്നേ പറ്റൂ’ മുന്ന കുറിച്ചു.
ഇന്ന് രാവിലെയാണ് ദുരൂഹസാഹചര്യത്തിൽ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ ഭർത്താവ് സജ്ജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷഹന ജനൽ കമ്പിയിൽ തൂങ്ങി മരിച്ചെന്ന് സജ്ജാദ് മൊഴി നൽകിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളൂ. മരിച്ച സ്ഥലത്ത് സിഗരറ്റ് കുറ്റികൾ ധാരാളമായി കണ്ടുവെന്നും പ്രദേശത്ത് രാസപരിശോധന നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
Comments