ന്യൂഡൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആഫ്രിക്കൻ രാജ്യങ്ങളിലെ സന്ദർശനത്തിനായി പുറപ്പെട്ടു. ജമൈക്കയിലേക്കാണ് ഇന്ന് രാവിലെ രാഷ്‌ട്രപതിയും സംഘവും പുറപ്പെട്ടിരി ക്കുന്നത്. സന്ദർശനത്തിന്റെ ഭാഗമായി സെയിന്റ് വിൻസെന്റ് ആന്റ് ദ ഗ്രനേഡിൻസ് എന്ന ദ്വീപു രാജ്യവും രാഷ്‌ട്രപതി സന്ദർശിക്കും. 21-ാം തിയതി വരെയാണ് സന്ദർശനം.
രാംനാഥ് കോവിന്ദിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ജമൈക്കയുടെ വിദേശകാര്യമന്ത്രി കാമിന ജെ സ്മിത്തുമായി ജയശങ്കർ ഒരുക്കങ്ങൾ കഴിഞ്ഞയാഴ്ച വിശദമായി വിലയിരുത്തി. വരും വർഷത്തെ കോമൺവെൽത്ത് രാജ്യങ്ങളുടെ കൂട്ടായ്മയിലെ സെക്രട്ടറി ജനറൽ പദവി യിലേക്ക് പരിഗണിക്കപ്പെട്ടിരിക്കുന്ന വ്യക്തിത്വമാണ് കാമിന.
രാഷ്‌ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ജമൈക്കയുടെ രാഷ്‌ട്രത്തലവൻ ഗവർണർ ജനറൽ പാട്രിക് അലെൻ, പ്രധാനമന്ത്രി ആൻഡ്രൂസ് ഹോൾനെസ്, രണ്ടാമത്തെ രാജ്യമായ സെയിന്റ് വിൻസന്റ് ആന്റ് ഗ്രിനാഡിൻസിന്റെ രാഷ്‌ട്രത്തലവൻ സുസാൻ ഡൗഗാൻ, പ്രധാന മന്ത്രി റാൽഫ് ഗോൺസാലസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഒരു ലക്ഷത്തിനടുത്ത് ഇന്ത്യൻ വംശജരുള്ള കരീബിയൻ രാജ്യങ്ങളിൽ ഇന്ത്യയുടെ സാംസ്‌കാരിക-വാണിജ്യ രംഗത്തെ പങ്കാളിത്തത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരീകോമിൽ ഇന്ത്യ എന്നും പ്രത്യേകം ക്ഷണിക്കപ്പെടുന്ന രാജ്യമെന്ന നിലയിൽ ശക്തമായ സൗഹൃദമാണുള്ളത്. ഇരുരാജ്യങ്ങളും ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിലിൽ സ്ഥിരാംഗങ്ങളല്ല എന്നതിനാൽ സുരക്ഷാ രംഗത്ത് കൈകോർക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയാകും. ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനാചരണം നടത്തുമ്പോൾ ജമൈക്ക 60-ാം സ്വാതന്ത്ര്യദിനാചരണങ്ങളുടെ നിറവിലാണ്.
Comments