അഗർത്തല: ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി സംസ്ഥാനത്തെ ബിജെപി അദ്ധ്യക്ഷനായ മണിക് സാഹയെ തിരഞ്ഞെടുത്തിരിക്കുകയാണ്. നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്ത മണിക് സാഹ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ബിപ്ലബ് കുമാർ ദേബ് രാജിവെച്ചതിനെ തുടർന്നാണ് മണിക് സാഹ അധികാരത്തിലേറിയത്.
ഡെന്റൽ ഡോക്ടറായ മണിക് സാഹ കോൺഗ്രസിലൂടെയാണ് തന്റെ രാഷ്‌ട്രീയ ജീവിതം തുടങ്ങുന്നത്. 2016ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. 2020ൽ ത്രിപുരയിലെ ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റു. രാജ്യസഭാ എംപി സ്ഥാനവും അദ്ദേഹം വഹിക്കുന്നുണ്ട്. മാർച്ച് മാസത്തിലാണ് രാജ്യസഭയിലേക്ക് തിര്െഞ്ഞടുക്കപ്പെട്ടത്. ത്രിപുരയിൽ നിന്നുള്ള ആദ്യ ബിജെപി രാജ്യസഭാംഗമാണ് മണിക് സാഹ.
ബിജെപിയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ചുമതലയും 69 കാരനായ മണിക് സാഹ നിർവ്വഹിക്കുന്നുണ്ട്. ഇവയ്‌ക്കൊക്കെ പുറമെ ത്രിപുരയിലെ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ് മണിക് സഹ. രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ത്രിപുരയിലെ ഹപാനിയ മെഡിക്കൽ കോളേജിൽ പ്രൊഫസറായും മണിക് സാഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ത്രിപുര മെഡിക്കൽ കോളേജ്, അഗർത്തലയിലെ ബിആർ അംബേദ്കർ മെമ്മോറിയൽ ടീച്ചിംഗ് ഹോസ്പിറ്റൽ എന്നിവയുടെ പ്രൊഫസറും ഡിപ്പാർട്ട്മെന്റ് മേധാവിയും കൂടിയാണ് സാഹ. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും സന്ദർശിച്ചതിന് പിന്നാലെയാണ് ബിപ്ലബ് കുമാർ ദേബ് രാജി സമർപ്പിച്ചത്. നിയമസഭാ തിരഞ്ഞെപ്പിന് 10 മാസം മാത്രം ബാക്കി നിൽക്കെയാണ് മുഖ്യമന്ത്രിയെ മാറ്റിയത്.
Comments