ഇസ്ലാമാബാദ്: പെഷവാറിൽ നടന്ന സിഖുകാരുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ. ഇസ്ലാമിക് സ്റ്റേറ്റിന്റെ വിലായാഹ് ഖൊരാസൻ വിഭാഗമാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്.
ഞായറാഴ്ച രാവിലെ പെഷവാറിലെ ഖൈബർ പഖ്തൂൺഖ്വാ പ്രവിശ്യയിൽ ബിസിനസുകാരായ രണ്ട് സിഖുകാരെയാണ് ഐഎസ് ഭീകരർ കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. പെഷവാറിലെ ന്യൂനപക്ഷ വിഭാഗത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്‌ക്ക് വേണ്ടി പാക് സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗങ്ങൾ നിരന്തരമായി ജീവന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വരേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും പ്രതികരിച്ചു.
പെഷാവറിലെ സർബാന്ദ് ഏരിയയിൽ സ്വന്തമായി കട നടത്തുകയായിരുന്ന സൽജീത് സിംഗ്(42), രഞ്ജീത് സിംഗ്(38) എന്നിവരായിരുന്നു ഐഎസ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉന്നത-തല അന്വേഷണത്തിന് ഉത്തരവിട്ടതായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു.
Comments