തിരുവനന്തപുരം: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ കലണ്ടർ വിവാദമാകുന്നു. വർഷത്തിലെ പ്രധാന ദിവസങ്ങൾ കുറിച്ചിരിക്കുന്നതിൽ കൊടുംകുറ്റവാളി യാക്കൂബ് മേമനെ തൂക്കിലേറ്റിയ ദിനം രേഖപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനമോ ഗാന്ധിജയന്തി ദിവസമോ രേഖപ്പെടുത്താത്ത കലണ്ടറിലാണ് യാക്കൂബ് മേമനെ തൂക്കിലേറ്റിയ ദിനം രക്തസാക്ഷിദിനമായി അടയാളപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ഏറെ വിചിത്രം
1993-ൽ മുംബൈയിൽ സ്‌ഫോടന പരമ്പര നടത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനായിരുന്നു യാക്കൂബ് മേമനെ തൂക്കിലേറ്റാൻ കോടതി വിധിച്ചത്. സഹോദരൻ ടൈഗർ മേമനുമായി ചേർന്നായിരുന്നു ഗൂഢാലോചന. തുടർന്ന് 2015 ജൂലൈ 30-ന് ശിക്ഷ നടപ്പാക്കി. ഈ ദിനമാണ് ജമാഅത്ത് ഇസ്ലാമിയുടെ സംഘടനയായ സോളിഡാരിറ്റിയുടെ കലണ്ടറിൽ രക്തസാക്ഷി ദിനമായി ആചരിക്കണമെന്ന് അടയാളപ്പെടുത്തിയിരിക്കുന്നത്.
മൗദൂദിയുടെ കലണ്ടറിൽ യാക്കൂബ് മേമൻ എന്ന തീവ്രവാദിക്ക് ഇടം കൊടുക്കുമ്പോൾ ഗാന്ധി ജയന്തിയോ റിപ്പബ്ലിക് ദിനമോ ഉണ്ടായില്ലെന്നും എന്നാൽ ടിപ്പു സുൽത്താനും വാരിയം കുന്നനും ഉണ്ടെന്നും വിമർശനമുയർന്നു. കൂടാതെ കലണ്ടറിന്റെ കവർ പേജിൽ അബുൽ അല മൗദൂദിയുടെ ചിത്രവും കൂട്ടിച്ചേർത്തിട്ടുണ്ട്. പിണറായി സർക്കാർ കേരളത്തെ താലിബാൻ ആശയത്തിലേക്ക് മാറ്റുകയാണെന്നും കേരളത്തിലെ മതേതര കലണ്ടർ മാതൃകയാണിതെന്നും സമൂഹമാദ്ധ്യമങ്ങളിൽ വിമർശനമുയർന്നു.
ജമാഅത്ത് ഇസ്ലാമിയെ നിരോധിച്ച ദിനം, വൈക്കം മുഹമ്മദ് ബഷീറിന്റെ മരണം, ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം, രജനി എസ് ആനന്ദിന്റെ ആത്മഹത്യ, 370-ാം വകുപ്പ് റദ്ദാക്കിയ ദിനം, മുസാഫർനഗർ കലാപം, ടിപ്പുസുൽത്താൻ രക്തസാക്ഷി ദിനം, കമല സുരയ്യയുടെ മരണം എന്നിങ്ങനെയാണ് സോളിഡാരിറ്റിയുടെ കലണ്ടറിൽ പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നത്.
Comments