മുംബൈ: എൽഐസി ഓഹരി കമ്പോളത്തിൽ ആദ്യവില 865 രൂപയിൽ ലിസ്റ്റ് ചെയ്തു. ഓഹരി കമ്പോളത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി 949 രൂപ വിലനിശ്ചയിച്ചാണ് നിക്ഷേപ കർക്ക് ഓഹരി വാങ്ങാൻ അവസരം നൽകിയിരുന്നത്. ഇന്ന് പൊതു ഓഹരി കമ്പോള ത്തിലെ ലിസ്റ്റിംഗിൽ 9 ശതമാനം ഡിസ്‌കൗണ്ട് ഇട്ടാണ് കന്നി വിൽപ്പനയ്‌ക്കായി എൽഐസി ഇറങ്ങിയത്.
രാവിലെ 9.30ന് പട്ടികയിൽ ഇടംപിടിച്ച എൽഐസി മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ വ്യാപാരം ആരംഭിച്ചത് രാവിലെ 11.20നായിരുന്നു. 867.20 രൂപയ്‌ക്കാണ് ഓഹരി വിൽപ്പന ആരംഭിച്ചത്. അതേസമയം തുടക്കത്തിൽ തന്നെ ഓഹരിവില 900 മറികടന്ന് 918 ലേക്ക് എത്തുകയും ചെയ്തു. ഓഹരി തുടക്കത്തിൽ കരസ്ഥമാക്കാൻ 73 ലക്ഷം അപേക്ഷകളാണ് ലഭിച്ചതെന്നും ഇതിന്റെ പേരിൽ മാത്രം 50 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകൾ പുതുതായി തുറക്കപ്പെട്ടെന്നും അധികൃതർ പറഞ്ഞു. ഇന്ത്യയിൽ നിന്നും ഇൻഷൂറൻസ് മേഖലയിലെ ആദ്യ സ്ഥാപനമെന്ന നിലയിൽ എൽഐസിയുടെ ഓഹരി കമ്പോളത്തിലെ പ്രവേശനത്തിനെ ബാങ്ക് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് കാക്കു നഖാതേ അഭിനന്ദിച്ചു.
ഇന്ത്യയുടെ പൊതു സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ഇത് ചരിത്രമുഹൂർത്തമാണ്. ഇത്രയധികം ജനപങ്കാളിത്തമുള്ള ഒരു സ്ഥാപനം ഓഹരികമ്പോളത്തിൽ വന്നിരിക്കുന്നത് വലിയ നേട്ടമാണെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി തുഹീൻ കാന്ത പാണ്ഡെ പറഞ്ഞു. പൊതുമേഖലയിലെ എൽഐസിയും ഓഹരി മേഖലയിൽ ഇറങ്ങണമെന്നും ധനസമാഹരണം നടത്തണമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണമായിരുന്നു. ഇന്ത്യ ആഗോളതലത്തിൽ മുന്നേറുന്ന കാലഘട്ടത്തിൽ ശക്തമായ അടിത്തറയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ തങ്ങളുടെ നേട്ടം ഓഹരി കമ്പോളത്തിലൂടെ മെച്ചപ്പെടുത്തണമെന്നും ആഗോളതലത്തിൽ ഉയരണമെന്നതിന് എൽഐസി മാതൃകയാണെന്നും പാണ്ഡെ പറഞ്ഞു.
















Comments