ന്യൂഡൽഹി: കൈക്കൂലി വാങ്ങി 250 ചൈനീസ് പൗരന്മാർക്ക് വീസ നൽകാൻ സൗകര്യമൊരുക്കിയ ശിവഗംഗ എംപിയും മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരത്തിനെതിരെ സിബിഐ കസെടുത്തു. യുപിഎ ഭരണകാലത്ത് ചൈനീസ് പൗരന്മാർക്ക് വീസ നൽകുന്നതിനാണ് കാർത്തി കൈക്കൂലി വാങ്ങിയതെന്ന് സിബിഐ ആരോപിച്ചു. അന്വേഷണത്തിന്റെ ഭാഗമായുള്ള റെയ്ഡ് തുടരുകയാണെന്നാണ് വിവരം. കാർത്തിയുടെ മുംബൈയിലെയും ചെന്നൈയിലെയും വസതിയും ഉൾപ്പടെ 9 ഇടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തുന്നത്.
2010-2014 കാലത്ത് പിതാവ് ചിദംബരം കേന്ദ്രമന്ത്രിയായിരിക്കേ പഞ്ചാബിലെ ഒരു പവർ പ്രൊജക്ടിനായി കാർത്തി ഒരു കമ്പനിയെ സഹായിച്ചു എന്ന് സിബിഐ ആരോപിക്കുന്നു. പവർ പ്ലാന്റിൽ ജോലി ചെയ്യേണ്ട ചൈനീസ് പൗരന്മാരുടെ വീസ സുഗമമാക്കുന്നതിന് 50 ലക്ഷം കൈക്കൂലി വാങ്ങിയതായി സിബിഐ കൂട്ടിച്ചേർത്തു.
ഐഎൻഎക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിനിടെയാണ് സിബിഐയ്‌ക്ക് ഈ ഇടപാടിനെക്കുറിച്ച് വിവരം ലഭിച്ചത്.
Comments