ന്യൂഡൽഹി : ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയ ഭാഗം പ്രത്യേകം സംരക്ഷിക്കപ്പെടണമെന്ന് സുപ്രീം കോടതി. ശിവലിംഗം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് വാരാണസി ജില്ലാ മജിസ്ട്രേറ്റ് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവ്വേയുടെ റിപ്പോർട്ട് സമർപ്പിക്കാൻ വാരണാസി കോടതി രണ്ടു ദിവസം സാവകാശം അനുവദിച്ചിട്ടുണ്ട്.
കാശി വിശ്വനാഥ ക്ഷേത്ര ഭൂമിയിലെ ഗ്യാൻവാപി മസ്ജിദിൽ സർവ്വേ നടത്തിയ സംഘമാണ് ശിവലിംഗം കണ്ടെത്തിയത്. വർഷങ്ങൾ പഴക്കമുളള ഈ ശിവലിംഗം നേരത്തെ ഇവിടെ ഉണ്ടായിരുന്ന ക്ഷേത്രത്തിന്റെ ഭാഗമാണെന്നാണ് പ്രാഥമിക നിഗമനം. ഈ സാഹചര്യത്തിലാണ് ശിവലിംഗം സംരക്ഷിക്കാൻ പ്രത്യേക നിർദ്ദേശം നൽകിയത്. സർവ്വേ ചോദ്യം ചെയ്തു കൊണ്ട് പള്ളിക്കമ്മിറ്റി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി നടപടി. നിലവിൽ മസ്ജിദിൽ ആരാധനക്കുള്ള അവസരം ഉണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹിന്ദു സേനക്കും, ഉത്തർപ്രദേശ് സർക്കാരിനും നോട്ടീസ് അയച്ച കോടതി കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
അതേസമയം ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവ്വേയുടെ റിപ്പോർട്ട് സമർപ്പിക്കാൻ വാരണാസി കോടതി രണ്ടു ദിവസം സാവകാശം അനുവദിച്ചു. റിപ്പോർട്ട് പൂർത്തിയാക്കാൻ രണ്ടു ദിവസം സാവകാശം ആവശ്യപ്പെട്ട് അഭിഭാഷക കമ്മീഷണർ നൽകിയ ഹർജ്ജി പരിഗണിച്ചാണ് തീരുമാനം. കൂടാതെ അഭിഭാഷക കമ്മീഷണർ സ്ഥാനത്ത് നിന്ന് അജയകുമാർ മിശ്രയെ മാറ്റി പകരം വിശാൽ സിംഗിന് ചുമതല നൽകിയിട്ടുണ്ട്. മൂന്ന് ദിവസം ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവ്വേയിൽ ശിവലിംഗം ഉൾപ്പടെ ക്ഷേത്രങ്ങളുടെ മറ്റ് അവശേഷിപ്പുകളും കണ്ടെത്തിയിരുന്നു.
















Comments