ഏറ്റുമാനൂർ നഗരസഭയിലെ ഭരണം പിടിക്കാമെന്ന് മോഹിച്ച എൽഡിഎഫിന് തിരിച്ചടി. നഗരസഭയിലെ 35 ാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിലനിർത്തി. രണ്ട് സ്വതന്ത്രൻമാരുടെ പിന്തുണയോടെയാണ് നഗരസഭ യുഡിഎഫ് ഭരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്വതന്ത്ര അംഗത്തിന്റെ പിന്തുണ ഉറപ്പിച്ച് ഭരണം പിടിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു എൽഡിഎഫ്.
ബിജെപിയിലെ സുരേഷ് ആർ നായർ ആണ് ഇവിടെ വിജയിച്ചത്. 83 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ബിജെപി 307, എൽഡിഎഫ് 224, യുഡിഎഫ് 151 എന്നിങ്ങനെയാണ് വോട്ടിംഗ് നില. നേരത്തെ ഈ വാർഡിൽ നിന്ന് വിജയിച്ച എൻഡിഎ സ്ഥാനാർത്ഥി വിഷ്ണുമോഹൻ വിദേശത്തേക്ക് പോയതിനെ തുടർന്ന് രാജിവെച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ സിപിഐയ്‌ക്ക് നൽകിയ സീറ്റിൽ ഇക്കുറി ഇടത് സ്വതന്ത്രനെയാണ് രംഗത്തിറക്കിയത്.
ഉപതിരഞ്ഞെടുപ്പ് നടന്ന ഇടമലക്കുടി പഞ്ചായത്തിലെ ആണ്ടവൻ കുടിയിലും വാർഡ് ബിജെപി നിലനിർത്തി. ബിജെപി സ്ഥാനാർഥി നിമലാവതി കണ്ണൻ ആണ് ഇവിടെ വിജയിച്ചത്. 21 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ആകെ 159 വോട്ടർമാരാണുള്ളത്.
കൊല്ലം ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു
സിപിഐയിലെ ബി. സുനിൽകുമാറാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു. ഇതോടെ പഞ്ചായത്തിൽ ഭരണമാറ്റമുണ്ടാകും. പെരിനാട് ഗ്രാമപഞ്ചായത്ത് നാന്ത്രിക്കൽ വാർഡിൽ എൽഡിഎഫ് വിജയം നേടി. സിപിഐ സ്ഥാനാർഥി ബിന്ദുമോൾ 365 വോട്ടിനാണ് വിജയിച്ചത്.
കണ്ണൂർ മാങ്ങാട്ടിടം പഞ്ചായത്ത് നിർവ്വേലി വാർഡ് ബിജെപി നിലനിർത്തി. ബിജെപി സ്ഥാനാർത്ഥി ഷിജു ഒറോക്കണ്ടിയാണ് വിജയിച്ചത്. 19 വോട്ടിനാണ് വിജയം. പയ്യന്നൂർ നഗരസഭ ഒമ്പതാം വാർഡ് എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎമ്മിലെ പി ലത 828 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
മുഴുപ്പിലങ്ങാട് പഞ്ചായത്ത് ആറാം വാർഡിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർത്ഥി കെ രമണി 37 വോട്ടിന് ജയിച്ചു. എൽഡിഎഫ് പഞ്ചായത്ത് ഭരണം നിലനിർത്തി.
തൃശൂർ വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 13 ലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി മല്ലിക സുരേഷ് വിജയിച്ചു. 27 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
സിപിഎം കൗൺസിലറുടെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
കുറുമാത്തൂർ പഞ്ചായത്ത് ഏഴാം വാർഡ് പുല്ലാഞ്ഞിയോട് എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐ എമ്മിലെ വി. രമ്യ 645 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് – 799 യുഡിഎഫ് – 154, ബിജെപി – 87 എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകൾ.
രണ്ടു കോർപ്പറേഷൻ, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
Comments