ന്യൂഡൽഹി : ഡൽഹിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കൽ തുടരുമെന്ന മുന്നറിയിപ്പുമായി മുൻസിപ്പൽ കോർപ്പറേഷൻ. അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കാൻ വീണ്ടും ജെസിബി ഇറക്കും. പടിഞ്ഞാറൻ ഡൽഹിയിലെ കെശോപൂർ ഗ്രാമത്തിലുള്ള അനധികൃത കെട്ടിടങ്ങളാകും ഇനി പൊളിച്ച് നീക്കുക എന്ന് കോർപ്പറേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
കെശോപൂർ കൂടാതെ സുത്താൻപുരി പോലീസ് സ്‌റ്റേഷൻ പരിധിയിലും ജെസിബി എത്തും. പീർ ബാബ മസർ മുതൽ സുൽത്താൻപുരിയിലെ അനധികൃത മീൻ മാർക്കറ്റ് വരെ പൊളിക്കാനാണ് തീരുമാനം. മേയ് 31 മുതൽ പൊളിക്കൽ നടപടികൾ നടത്താനാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം പൊളിക്കൽ നടപടിയിൽ ഡൽഹി സർക്കാർ വിശദീകരണം തേടിയിട്ടുണ്ട്. ബംഗ്ലാദേശ് സ്വദേശികളും റോഹിങ്ക്യൻ കുടിയേറ്റക്കാരും അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളാണ് കോർപ്പറേഷൻ അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കിയത്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ വ്യാപക വിമർശനങ്ങളാണ് ഉന്നയിച്ചത്. സംഭവത്തിൽ ആദ്യം ഹൈക്കോടതി ഇടപെട്ടെങ്കിലും പിന്നീട് അനാവശ്യമായി ഹർജി സമർപ്പിച്ച സിപിഎമ്മിനെ വിമർശിക്കുകയാണ് ചെയ്തത്. പ്രദേശത്തെ ജനങ്ങളാണ് പൊളിക്കൽ നടപടികൾക്കെതിരെ കോടതിയെ സമീപിക്കേണ്ടത് എന്നും പാർട്ടിയ്‌ക്ക് ഇതിൽ എന്താണ് കാര്യമെന്നും കോടതി ചോദിച്ചു. എല്ലാ പൊളിക്കലും നിർത്തലാക്കാൻ സാധിക്കില്ലെന്നാണ് ഡൽഹി ഹൈക്കോടതി പറഞ്ഞത്.
അനധികൃത കൈയ്യേറ്റക്കാർക്കെതിരായ നടപടികളെ രാഷ്‌ട്രീയ ആയുധമാക്കാനുളള നീക്കം ആം ആദ്മി പാർട്ടിയും തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കെജ് രിവാൾ സർക്കാർ റിപ്പോർട്ട് തേടിയത്. സ്വാതന്ത്ര്യത്തിന് ശേഷമുളള ഏറ്റവും വലിയ ഭസ്മീകരണമാണ് ഡൽഹിയിൽ നടന്നതെന്നായിരുന്നു കെജ് രിവാൾ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്.
















Comments