ശ്രീനഗർ: കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരവും ആശ്രിത നിയമന ഉത്തരവും കൈമാറി കശ്മീർ സർക്കാർ. ജമ്മു ഡിവിഷണൽ കമ്മീഷണർ രമേശ് കുമാറും ജമ്മു എഡിജിപി മുകേഷ് സിംഗുമാണ് നഷ്ടപരിഹാര തുകയുടെ ചെക്കും നിയമന ഉത്തരവും കുടുംബാംങ്ങൾക്ക് കൈമാറിയത്.
ജമ്മുവിലെ നൗബാദിൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് രാഹുൽ ഭട്ടിന്റെ വിധവ മീനാക്ഷി റെയ്‌നയ്‌ക്ക് ജോലി നൽകിയിരിക്കുന്നത്. ബുദ്ഗാം ജില്ലയിലെ ചധൂരയിൽ തെഹ്‌സീൽ ഓഫീസ് ജീവനക്കാരനായിരുന്നു രാഹുൽ ഭട്ട്. കഴിഞ്ഞ 12 നാണ് രാഹുൽ ഭട്ട് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 2010-11 ലെ കശ്മീരി പണ്ഡിറ്റ് സ്‌പെഷൽ എംപ്ലോയ്‌മെന്റ് പാക്കേജിന്റെ അടിസ്ഥാനത്തിലായിരുന്നു ക്ലറിക്കൽ ജോലിയിൽ രാഹുൽ ഭട്ടിന് നിയമനം ലഭിച്ചിരുന്നത്.
ഭട്ടിന്റെ കൊലപാതകം സർക്കാർ ജീവനക്കാരായ കശ്മീരി പണ്ഡിറ്റുകളുടെ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. അനന്ത് നാഗിൽ ഇവർ പ്രത്യക്ഷ പ്രതിഷേധവും നടത്തിയിരുന്നു. 350 ഓളം വരുന്ന കശ്മീരി പണ്ഡിറ്റുകൾ സർക്കാർ ജോലി ഉപേക്ഷിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിജെപി അടക്കമുളള രാഷ്്ട്രീയ പാർട്ടികൾ ജമ്മു – കശ്മീർ ലഫ്. ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.
Comments