ഇടുക്കി: ഉപതിരഞ്ഞെടുപ്പിൽ തോറ്റതിന്റെ അരിശം സാമുദായിക അധിക്ഷേപത്തിലൂടെ തീർത്ത് മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം. മണി. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമത്തിന് നൽകിയ പ്രതികരണത്തിലായിരുന്നും മണിയുടെ അധിക്ഷേപ പരാമർശം. ഇടമലക്കുടിയിലെ 11ാം വാർഡിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചതാണ് സിപിഎം നേതാവിനെ ചൊടിപ്പിച്ചത്.
തിരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണം എന്താണെന്ന മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് ആയിരുന്നു മണിയുടെ അധിക്ഷേപ പരാമർശം. ഒരു ബോധവുമില്ലാത്തവരായത് കൊണ്ടാണ് അവിടെ ബിജെപി ജയിച്ചത്. അവിടെയുള്ളവർമൊത്തം മുതുവാന്മാരാണെന്നും മണി പറഞ്ഞു.
ഇടമലക്കുടിയിൽ ഭരണത്തിലേറിയത് വലിയ നേട്ടമായാണ് ബിജെപി കരുതുന്നതെന്ന് മാദ്ധ്യമ പ്രവർത്തകൻ പറഞ്ഞപ്പോൾ ഓ പിന്നെ, അവന്മാർ അവിടെ എന്തുണ്ടാക്കാനാണെന്നായിരുന്നു മണിയുടെ മറുപടി. ഇത് കേട്ട് പാർട്ടി പ്രവർത്തകർ ഉറക്കെ ചിരിക്കുകയും ചെയ്തു.
കേരളത്തിലെ ആദ്യ ഗോത്ര വർഗ പഞ്ചായത്താണ് ഇടമലക്കുടി. ഇവിടെ ബിജെപി വനിതാ നേതാവ് നിമലാവതി കണ്ണൻ ആണ് വിജയിച്ചത്. 159 വോട്ടർമാരുളള ഈ വാർഡിൽ 21 വോട്ടിന്റെ ഭൂരിപക്ഷമാണ് നിമലാവതി കണ്ണൻ നേടിയത്. ബിജെപി 54 വോട്ടുകൾ നേടിയപ്പോൾ സിപിഎമ്മിന് 33 വോട്ടുകളാണ് ലഭിച്ചത്.
ആളുകൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തി സ്ഥിരം വിവാദത്തിൽപ്പെടുന്ന നേതാവാണ് എംഎം മണി. പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ അശ്ലീല പരാമർശം നടത്തിയതും, വൺ ടൂ ത്രീ പ്രസംഗവും വലിയ വിവാദമാണ് സൃഷ്ടിച്ചത്. ഇതിനെല്ലാം പിന്നാലെയാണ് സമുദായ അധിക്ഷേപം നടത്തി മണി വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റേത് നാടൻ ശൈലിയാണെന്നാണ് എല്ലാക്കാലത്തും സിപിഎമ്മിന്റെ ന്യായീകരണം.
















Comments