മുംബൈ : മഹാരാഷ്‌ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയ്‌ക്ക് നേരെ ഭീഷണി മുഴക്കുന്നവർക്ക് താക്കീതുമായി എംഎൻഎസ് പ്രവർത്തകർ രംഗത്ത്. രാജ് താക്കറെയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ മഹാരാഷ്‌ട്രയും കത്തും എന്ന പോസ്റ്ററുകളാണ് പെതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. രാജ് താക്കറെയുടെ അയോദ്ധ്യ സന്ദർശനവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ കത്തിക്കയറുന്നത്.
ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾക്കെതിരെ സംസാരിച്ചതിന് പിന്നാലെ അദ്ദേഹത്തെ ജയിലിൽ അടച്ചിരുന്നു. എന്നാൽ പുറത്തിറങ്ങിയ രാജ് താക്കറെ മസ്ജിദിന് സമീപത്ത് നിന്ന് ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ വായിച്ചു. പുലർച്ചെ മസ്ജിദിൽ പ്രാർത്ഥന നടക്കുമ്പോഴാണ് എംഎൻഎസ് പ്രവർത്തകര്ർ ഹനുമാൻ ചാലിസ വായിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടികളെയും അദ്ദേഹം പ്രശംസിച്ചിരുന്നു. ഇതിനെതിരെ വ്യപക വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് അദ്ദേഹം അയോദ്ധ്യ സന്ദർശനം നടത്തുമെന്ന് അറിയിച്ചത്. ഇതോടെ ഭീഷണിയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തുകയായിരുന്നു. രാജ് താക്കറെയുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ അദ്ദേഹത്തിന് പോലീസ് സംരക്ഷണം നൽകുന്നുണ്ട്. സംസ്ഥാന സർക്കാർ ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടില്ല. എന്നാൽ കോൺസ്റ്റബിൾ ഉൾപ്പെടെയുള്ള സുരക്ഷാ സംഘത്തിന്റെ എണ്ണം വർദ്ധിപ്പിച്ചതായാണ് വിവരം.
















Comments