ഭുവനേശ്വർ : ഗൂഡ്‌സ് ട്രെയിൻ ഇടിച്ച് മൂന്ന് ആനകൾ ചരിഞ്ഞു. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. ഒഡീഷയിലെ കിയോഞ്ചാർ ജില്ലയിലാണ് സംഭവം. ഇന്നലെ വൈകീട്ട് 7.30 ഓടെയാണ് അപകടം നടന്നത്.
കാട്ടാനക്കൂട്ടത്തോടൊപ്പം പോയ മൂന്ന് ആനകളെ ഇരുമ്പ് കൊണ്ടുവന്ന ഗൂഡ്‌സ് ട്രെയിൻ ആണ് ഇടിച്ചത്. ചമ്പ റേഞ്ചിലെ ജോദ കാടുകളിൽ ബൻസാപനാനി റെയിൽവേ ലൈൻ മുറിച്ച് കടക്കുന്നതിനിടെയാണ് ട്രെയിൻ വന്നിടിച്ചത്. അപകടത്തിൽ മൂന്ന് ആനകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇവയുടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റ് ആനകൾ മൂന്ന് ആനകൾക്ക് ചുറ്റും നിലയുറപ്പിച്ചതിനാൽ അടുക്കാനായില്ല. ഒരു കുട്ടിയാന അപകടത്തിന് ശേഷം ഇന്നലെ രാത്രി തന്നെ ചരിഞ്ഞിരുന്നു. മറ്റ് രണ്ട് ആനകളും ഇന്ന് രാവിലെയാണ് ചരിഞ്ഞത്.
വനപ്രദേശത്ത് ആനകൾ ഉണ്ടെന്ന വിവരം വനംവകുപ്പ് ഉദ്യോഗസ്ഥർ നേരത്തെ തന്നെ റെയിൽവേ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. ഈ നിർദ്ദേശം ട്രെയിൻ ഓടിച്ച ലോക്കോ പൈലറ്റുമാർക്കും നൽകിയതാണ്. എന്നാൽ ഇരുട്ട് കാരണം ആനകൾ റെയിൽപാളം മുറിച്ച് കടക്കുന്നത് കാണാൻ സാധിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞ 10 വർഷത്തിനിടെ 36 ആനകളാണ് ഒഡീഷയിൽ ട്രെയിൻ ഇടിച്ച് മരിച്ചത്.
Comments