ഇടുക്കി: വാഗമണ്ണിൽ ഓഫ് റോഡ് റൈഡുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ നടൻ ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്. ലൈസൻസുമായി ഹാജരാകാനാവശ്യപ്പെട്ട് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഹാജരാകാത്തതിനെ തുടർന്നാണ് ജോജുവിന്റെ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കാൻ മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകാത്തതിന്റെ കാരണം ആരാഞ്ഞ് ഒരു നോട്ടീസ് കൂടി ജോജുവിന് മോട്ടോർവാഹന വകുപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലൈസൻസ് റദ്ദാക്കാനുള്ള നീക്കം മോട്ടോർവാഹന വകുപ്പ് ആരംഭിച്ചത്. ഈ സാഹചര്യത്തിൽ അടുത്ത ദിവസം തന്നെ ലൈസൻസുമായി നടൻ മോട്ടോർവാഹന വകുപ്പ് മുൻപാകെ ഹാജരാകുമെന്നാണ് വിവരം.
ഈ മാസം 10 നാണ് വാഗമണ്ണിൽ ജോജു ഓഫ് റോഡ് റൈഡ് നടത്തിയത്. നിലവിൽ ഓഫ് റോഡ് റൈഡിന് ജില്ലയിൽ വിലക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് നടൻ റൈഡ് നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ ചിലർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ജോജുവിനെതിരെ നടപടി ആവശ്യപ്പെട്ടു കെഎസ്‌യുവാണ് മോട്ടോർവാഹന വകുപ്പിന് പരാതി നൽകിയത്. ആറ് മാസം വരെ ലൈസൻസ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്.
















Comments