ഗുവാഹട്ടി: കനത്ത മഴയെ തുടർന്ന് ദുരിതത്തിലായി അസം. ഇത് വരെ 29 ജില്ലകളിലായി 7.12 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ട് മരിച്ചവരുടെ എണ്ണം 14 ആയി. ഇന്നലെ മാത്രം നാല് പേർക്കാണ് പ്രളയക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടത്.
ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വ്യോമസേന ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്.
നിരവധി പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. നവ്ഗാവ് ജില്ലയിൽ മാത്രം മൂന്നര ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഭക്ഷണ വിതരണത്തിനായി ഹെലികോപ്റ്ററുകൾ ആണ് ഉപയോഗിക്കുന്നത്. 343 ദുരിതാശ്വാസ ക്യാമ്പുകളിലായി എൺപത്തിഏഴായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. ദുരന്തത്തിന്റെ ആഘാതത്തെ കുറിച്ച് പഠിക്കാൻ ഐ എസ് ആർ ഓ യുടെ വിദഗ്‌ദ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പ്രളയം ബാധിച്ച 29 ജില്ലകളിലെ 2,251 വില്ലേജുകളിലായി ആകെ 80036.90 ഹെക്ടർ കൃഷി നശിച്ചു. 234 ദുരിതാശ്വാസ ക്യാമ്പുകളിലായി 74,705 പേർ അഭയം പ്രാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടുപോയ 269 പേരെ രക്ഷപ്പെടുത്തി, വ്യോമസേനയുടെ സഹായത്തോടെ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 24 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ദിമ ഹസാവോ ജില്ലയിൽ എത്തിച്ചു.സംസ്ഥാന സർക്കാർ കച്ചാർ, ദിമ ഹസാവോ ജില്ലകൾക്ക് സഹായധനമായി 2 കോടി രൂപ വീതം അധികമായി അനുവദിച്ചു.
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി കച്ചാർ, ഹോജായ്, ദരാംഗ്, ബിശ്വനാഥ്, നാഗോൺ, മോറിഗാവ്, ദിമ ഹസാവോ എന്നിവിടങ്ങളിലെ ദുരന്തനിവാരണ അതോറിറ്റികളെ പിന്തുണയ്‌ക്കാൻ സാങ്കേതിക വിദഗ്ധരുടെയും കൺസൾട്ടന്റുമാരുടെയും ഏഴ് ടീമുകളെ യുനിസെഫ് വിന്യസിച്ചിട്ടുണ്ട്. സ്ഥിതി കൂടുതൽ ഗുരുതരമാകുകയാണെങ്കിൽ രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കാൻ സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ള ദുരന്ത പ്രതികരണ സേനയെ വർദ്ധിപ്പിക്കാനും അസം ദുരന്ത നിവാരണ അതോറിറ്റി ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
















Comments