കൊൽക്കത്ത : 2021 ൽ നടന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് ബംഗ്ലാദേശ് പൗരത്വമുള്ള സ്ഥാനാർത്ഥിയായിരുന്നുവെന്ന് കണ്ടെത്തൽ. ബാംങ്കൺ ദക്ഷിൻ നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ച ആലോ റാണി സർക്കാരാണ് ബംഗ്ലാദേശിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ബിജെപിയുടെ വിജയത്തിനെതിരെ തൃണമൂൽ കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്.
ബിജെപി സ്ഥാനാർത്ഥിയായ സ്വപൻ മജൂംദാറിനെതിരെ മത്സരിച്ച ആലോ റാണി 2000 ത്തിൽ അധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിൽ നിന്ന് മത്സരിച്ച സമയത്ത് ഇവർ ബംഗ്ലാദേശ് പൗരയായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു.
ആലോ റാണി ഇന്ത്യൻ പൗരയല്ലാത്തതിനാൽ, ആർട്ടിക്കിൾ 173 പ്രകാരം ഒരു സംസ്ഥാനത്തിന്റെ നിയമസഭയിൽ ഒരു സീറ്റ് നേടാനോ അതിന് വേണ്ടി മത്സരിക്കാനോ ഇവർ യോഗ്യയല്ലെന്ന് കോടതി നിരീക്ഷിച്ചു.
1980 ൽ ബംഗ്ലാദേശ് സ്വദേശിയായ ഹരേന്ദ്രനാഥ് സർക്കാരിനെ വിവാഹം കഴിച്ച ആലോ റാണി സർക്കാർ ഏറെ കാലം അയൽ രാജ്യത്താണ് താമസിച്ചത്. ആ സമയത്താണ് രാജ്യത്തെ പൗരത്വം സ്വീകരിച്ചത്. വിവാഹം പിരിഞ്ഞതിന് പിന്നാലെ ഇവർ ഇന്ത്യയിലെത്തി.
2020 നവംബർ 5-ന് ബംഗ്ലാദേശിലെ വോട്ടർ പട്ടികയിൽ നിന്നും ദേശീയ ഐഡന്റിറ്റികാർഡിൽ നിന്നും തന്റെ പേര് റദ്ദാക്കാനുള്ള അപേക്ഷ അവർ സമർപ്പിച്ചിരുന്നു. എന്നാൽ 2021 ജൂൺ 29 ന് മാത്രമാണ് ബംഗ്ലാദേശിലെ വോട്ടർ പട്ടികയിൽ നിന്ന് ഇവരുടെ പേര് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് ഓഫീസർ ശുപാർശ ചെയ്തത്.
2021, മാർച്ച് 31 ന് ഇവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പട്ടിക സമർപ്പിച്ചിരുന്നു. ഏപ്രിൽ 22 ന് തിരഞ്ഞെടുപ്പും മേയ് 2 ന് വോട്ടെണ്ണലും നടന്നു. ഈ സമയമെല്ലാം ഇവർ ബംഗ്ലാദേശ് പൗരയായിരുന്നു എന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ആലോ റാണി സർക്കാരിനെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിട്ടുണ്ട്.
















Comments