ന്യൂഡൽഹി: നിർമാണത്തിലിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിൽ തീപിടിത്തം. ശനിയാഴ്ച ഉച്ചയ്ക്ക് 12.35ഓടെയാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്.
വിവരം ലഭിച്ചയുടനെ അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് ഇരച്ചെത്തി. അപകടം നടക്കുമ്പോൾ പാർലമെന്റ് മന്ദിരത്തിൽ നിരവധിയാളുകൾ ഉണ്ടായിരുന്നു. തീപിടിത്തം നേരിയ തോതിലായിരുന്നുവെന്നും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
നിലവിലെ മന്ദിരത്തോട് ചേർന്നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം. ത്രികോണാകൃതിയിലാണ് മന്ദിരത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. എല്ലാ എംപിമാർക്കും പ്രത്യേക ഓഫീസ് മുറികൾ സജ്ജമാക്കും. കടലാസ് രഹിത പാർലമെന്റ് എന്ന ലക്ഷ്യത്തോടെ ആധുനിക ഡിജിറ്റൽ സംവിധാനങ്ങളോടെ പാർലമെന്റ് മന്ദിരം ഒരുക്കാനാണ് തീരുമാനം.
861.90 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ കരാർ ടാറ്റ പ്രൊജക്ടിനാണ് നൽകിയിരിക്കുന്നത്. 2022 അവസാനത്തോടെ പണി പൂർത്തിയാകും. പുതിയ മന്ദിരത്തിന്റെ പണി തീരുന്നത് വരെ പഴയ മന്ദിരത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
















Comments