മലപ്പുറം: പെരിന്തൽമണ്ണയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അലിമോൻ, അൽത്താഫ്, റഫീഖ്, ഇവർക്ക് സഹായം നൽകിയ അനസ് ബാബു, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. അതേ സമയം കേസിലെ പ്രധാന പ്രതി യഹിയയെ പോലീസിന് പിടികൂടാനായിട്ടില്ല.
ജില്ലാ പോലീസ് മേധാവിയാണ് പ്രതികളെ അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്. അറസ്റ്റിലായ അഞ്ച് പേരും സ്വർണ്ണക്കടത്ത് സംഘങ്ങളിൽപ്പെട്ടവരാണെന്നാണ് സൂചന. അബ്ദുൾ ജലീൽ സ്വർണ്ണക്കടത്ത് സംഘങ്ങളുടെ കാരിയറായി പ്രവർത്തിച്ചിരുന്നയാളാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അബ്ദുൾ ജലീൽ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ശേഷം മൂന്നു ദിവസം പ്രതികൾ തുടർച്ചയായി ക്രൂരമായി മർദ്ദിച്ചുവെന്നാണ് പോലീസ് പറയുന്നത്.
കൊല്ലപ്പെട്ട ജലീലിനെ ആശുപത്രിയിലെത്തിച്ച യഹിയ ഒളിവിലാണ്. യഹിയയ്‌ക്കായി പോലീസ് അന്വേഷണം. ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
പാലക്കാട് അഗളി സ്വദേശിയായ പ്രവാസി അബ്ദുൽ ജലീൽ കഴിഞ്ഞ ദിവസമാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ജിദ്ദയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി എത്തിയ ജലീലിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ച 19ാം തീയതിവരെ മർദ്ദനം തുടർന്നു. അനസ് ബാബുവിന്റെ വാടക റൂമിലായിരുന്നു ക്രൂര മർദ്ദനം. നെടുമ്പാശേരി മുതൽ പെരിന്തൽമണ്ണ വരെയുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട് .
Comments