151 അംഗ ജനപ്രതിനിധി സഭയിൽ 73 സീറ്റുകൾ നേടിയ ഓസ്ട്രേലിയയിലെ ലേബർ പാർട്ടി നേതാവ് ആന്റണി അൽബനീസ് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്. ഏതാണ്ട് ഒരു ദശാബ്ദക്കാലത്തെ ആധിപത്യം അവസാനിപ്പിച്ച് ഫെഡറൽ തിരഞ്ഞെടുപ്പിൽ ഓസ്ട്രേലിയയുടെ നിലവിലെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പരാജയം സമ്മതിച്ചു. 2007ന് ശേഷം ആദ്യമായി അദ്ദേഹത്തിന്റെ പാർട്ടി വിജയിച്ചതിനാൽ പ്രതിപക്ഷ നേതാവ് അൽബനീസ് രാജ്യത്തിന്റെ 31ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
വിദ്യാർത്ഥിയായിരിക്കെ ലേബർ പാർട്ടിയിൽ ചേർന്ന ആന്റണി അൽബനീസ് പാർലമെന്റിൽ പ്രവേശിക്കുന്നതിന് മുമ്പ് പാർട്ടി ഉദ്യോഗസ്ഥനായും ഗവേഷണ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചു. 1996ൽ ന്യൂ സൗത്ത് വെയിൽസിലെ ഗ്രെയ്ൻഡ്ലർ സീറ്റ് നേടി അൽബാനീസ് ആദ്യമായി ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001ൽ ഷാഡോ കാബിനറ്റിലേക്ക് അദ്ദേഹത്തെ ആദ്യമായി നിയമിച്ചു. അദ്ദേഹം വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2007ലെ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചതിനെത്തുടർന്ന് അൽബാനീസ് ഹൗസ് ലീഡറായി നിയമിതനായി. റീജിയണൽ ഡെവലപ്മെന്റ് ആൻഡ് ലോക്കൽ ഗവൺമെന്റ് മന്ത്രിയായും അടിസ്ഥാന സൗകര്യ, ഗതാഗത മന്ത്രിയായും അദ്ദേഹത്തെ നിയമിച്ചു. 2013ൽ അദ്ദേഹം ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രിയായിരുന്നു. 2007നും 2013നും ഇടയിൽ കാബിനറ്റ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം 23ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. അവിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
Comments