ന്യൂഡൽഹി : തോമസ് കപ്പ് വിജയം സ്വന്തമാക്കിയതിന് ശേഷം ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ പ്രധാനമന്ത്രിയെ കാണാൻ എത്തിയത് വെറും കൈയ്യോടെയായിരുന്നില്ല. പ്രധാനമന്ത്രിക്ക് കൊടുക്കാൻ തന്റെ നാട്ടിൽ നിന്നും പ്രത്യേക മധുരപലഹാരങ്ങളുമായിട്ടാണ് ചാമ്പ്യൻ ഡൽഹിയിലെത്തിയത്. അൽമോറയിലെ പ്രസിദ്ധമായ ബാൽ മിഠായിയായിരുന്നു അത്. ശനിയാഴ്ച പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് നടന്ന പരിപാടിയിൽ ലക്ഷ്യ സെൻ അത് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
ഇന്ത്യൻ ബാഡ്മിന്റൺ ടീം വിജയിച്ചതിന് പിന്നാലെ നടന്ന ഫോൺവിളിയ്‌ക്കിടെയാണ് പ്രധാനമന്ത്രി ഈ ആവശ്യം താരത്തോട് പറഞ്ഞത്. ഇത് കേട്ട താരം പ്രധാനമന്ത്രിയ്‌ക്കായി മധുര പലഹാരം കൊണ്ട് വരികയും അത് നേരിട്ട് നൽകുകയും ചെയ്തു.
അൽമോറയിലെ പ്രസിദ്ധമായ ബാൽ മിഠായി കൊണ്ടുവന്നതിന് ആദ്യം ലക്ഷ്യയ്‌ക്ക് നന്ദി പറയുന്നുവെന്ന് താരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ പ്രധാനമന്ത്രി പറഞ്ഞു. ഇതിന് മറുപടി ലക്ഷ്യ സെൻ പ്രധാനമന്ത്രിക്ക് നൽകി.
”യൂത്ത് ഒളിമ്പിക്സിൽ മെഡൽ നേടിയപ്പോഴാണ് ഞാൻ താങ്കളെ ആദ്യമായി കണ്ടത്. നിങ്ങളെ രണ്ടാമതും കാണാൻ എനിക്ക് ലഭിച്ച അവസരമാണിത്. ഇങ്ങനെ പ്രധാനമന്ത്രിയെ കാണുമ്പോഴെല്ലാം ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും പ്രചോദനം ലഭിക്കുകയും ചെയ്യുന്നുണ്ട്. താങ്കളുടെ ഫോൺ കോളും അത്തരത്തിൽ ഒരു വലിയ വികാരമാണ്. ഇനിയും കൂടുതൽ ടൂർണമെന്റുകൾ വിജയിക്കാനും നിങ്ങളെ കാണാനും നിങ്ങൾക്കായി ബാൽ മിഠായി കൊണ്ടുവരാനും ഞാൻ കാത്തിരിക്കുകയാണ് ” എന്ന് ലക്ഷ്യ സെൻ പറഞ്ഞു.
കുട്ടിത്തം നിറഞ്ഞ സ്വഭാവം നിലനിർത്താനും വലിയ ലക്ഷ്യങ്ങൾ നേടിയെടുക്കാനും കഠിനമായി പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി ലക്ഷ്യയോട് നിർദ്ദേശിച്ചു.
വളരെ ചെറിയ കാര്യങ്ങൾ വരെ ശ്രദ്ധിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി എന്ന് ലക്ഷ്യ സെൻ പറഞ്ഞു. ”അൽമോറയിലെ ‘ബാൽ മിഠായി’ വളരെ പ്രസിദ്ധമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, അതിനാൽ അദ്ദേഹം എന്നോട് അത് വാങ്ങാൻ ആവശ്യപ്പെട്ടു. ഞാനത് വാങ്ങിക്കൊണ്ടുവന്നു. എന്റെ മുത്തച്ഛനും അച്ഛനും കളിക്കാറുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഇത്തരം ചെറിയ കാര്യങ്ങൾ വരെ അദ്ദേഹത്തിന് പ്രധാനമാണ്. ഇത്രയും വലിയ മനുഷ്യനാണ് നിങ്ങളോട് ഈ കാര്യങ്ങൾ പറയുന്നത്, അതുകൊണ്ട് തന്നെ അദ്ദേഹത്തോട് സംസാരിക്കുന്നത് വളരെ സന്തോഷകരമാണ്” എന്ന് പരിപാടിക്ക് ശേഷം ലക്ഷ്യ സെൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments