ടെഹ്റാൻ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രായേലികളെയും ജൂതൻമാരെയും ആക്രമിക്കാൻ പദ്ധതിയിട്ട ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ ഖുദ്‌സ് സേനാംഗം കേണൽ ഹസ്സൻ സയാദ് ഖോദയാരി കൊല്ലപ്പെട്ടു. ടെഹ്‌റാനിൽ വാഹനത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇറാനിയൻ തലസ്ഥാനമായ ടെഹ്റാനിലെ മൊജാഹിദിൻ എസ്ലാം സ്ട്രീറ്റിലെ വസതിക്ക് മുൻപിലായിരുന്നു ഖോദയാരി കൊല്ലപ്പെട്ടത്. മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ട് മോട്ടോർസൈക്കിളുകളിലായാണ് അക്രമികൾ എത്തിയത്. ഇറാന്റെ സേനാ വിഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡിന്റെ രഹസ്യ സേനയാണ് ഇറാനിയൻ ഖുദ്‌സ് ഫോഴ്‌സ്.
അക്രമികൾക്കായി ഇറാൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സിറിയ കേന്ദ്രീകരിച്ചാണ് ഖോദയാരി പ്രവർത്തിച്ചിരുന്നതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് പ്രസ്താവനയിൽ വ്യക്തമാക്കി. ഐആർജിസിയുടെ വിദേശകാര്യ വിഭാഗത്തിലാണ് ഹസ്സൻ സയാദ് ഖോദയാരിക്ക് ചുമതലയുണ്ടായിരുന്നത്.
കൊലപാതകം ഭീകരാക്രമണമാണെന്ന് ഐആർജിസി ആരോപിച്ചു. സംഭവത്തിൽ മൊസാദുമായി ബന്ധപ്പെട്ട കണ്ണികളെ പിടികൂടിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് അവകാശപ്പെടുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
















Comments