ലക്‌നൗ: വാരണാസിയിലെ ഗ്യാൻവ്യാപിയുമായി ബന്ധപ്പെട്ട കേസ് ഇന്ന് വാരണാസി ജില്ലാ കോടതി പരിഗണിക്കും. സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മുതിർന്ന ജില്ലാ ജഡ്ജി അജയകൃഷ്ണ വിശ്വേശയാണ് വിഷയം പരിഗണിക്കുന്നത്.
കേസ് നേരത്തെ പരിഗണിച്ചിരുന്ന വാരണാസി സിവിൽ കോടതിയിൽ നിന്ന് ഫയലുകൾ ജില്ലാ കോടതിക്ക് കൈമാറിയിരുന്നു. വിഷയത്തിന്റെ പ്രാധാന്യം കാരണം അനുഭവപരിചയമുള്ള മുതിർന്ന ജഡ്ജി കേസ് പരിഗണിക്കട്ടേയെന്ന് സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു.
മസ്ജിദിൽ പരിശോധന നടത്തിയ അഡ്വക്കേറ്റ് കമ്മിഷണർമാർ സർവേ റിപ്പോർട്ട് വാരണാസി കോടതിക്ക് കൈമാറിയിട്ടുണ്ട്.ശിവലിംഗം, ക്ഷേത്ര അവശിഷ്ടങ്ങൾ തുടങ്ങിയവ കണ്ടെത്തിയെന്ന കാര്യം സർവേ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം മസ്ജിദിനുള്ളിൽ ഹൈന്ദവ വിശ്വാസികൾ ഉയർത്തുന്ന വാദങ്ങളെ ബലപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നിരുന്നു. ഗ്യാൻവ്യാപിയുടെ 154 വർഷം പഴക്കമുള്ള ചിത്രത്തിലാണ് ഹിന്ദു ആരാധാനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുന്നത്.ഗ്യാൻവ്യാപി മസ്ജിദിനുള്ളിലെ ഭിത്തിയിൽ ഹനുമാൻ സ്വാമിയുടെ വിഗ്രഹവും സമീപത്തെ തൂണുകളിൽ നിരവധി മണികളും ഹിന്ദു ആരാധനാ അടയാളങ്ങളും വ്യക്തമായി കാണാൻ സാധിക്കുന്നു.
Comments