കൊച്ചി: കേരള പോലീസിൽ നിന്നും മോശം അനുഭവമുണ്ടായെന്ന് നടി അർച്ചന കവി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച സ്റ്റോറിയിലാണ് നടി കേരള പോലീസിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവം തുറന്ന് പറഞ്ഞത്. പോലീസ് മോശമായിട്ടാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി കുറിച്ചു.
സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി യാത്ര ചെയ്യവെയാണ് നടിയ്‌ക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. സ്ത്രീകൾ മാത്രമായി ഓട്ടോയിൽ യാത്ര ചെയ്യുമ്പോൾ തടഞ്ഞ് നിർത്തി ചോദ്യം ചെയ്‌തെന്ന് നടി ആരോപിച്ചു.
വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നതെന്ന് പോലീസ് ചോദിച്ചുവെന്നും നടി കൂട്ടിച്ചേർത്തു. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അർച്ചന കുറിപ്പ് പങ്കുവച്ചത്. കേരള പോലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളോടൊപ്പമാണ് പോസ്റ്റ്.
” ജെസ്നയും ഞാനും അവളുടെ കുടുംബത്തിനൊപ്പം മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞ് ചോദ്യം ചെയ്തു. ആ ഓട്ടോയിൽ ഞങ്ങൾ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. അവർ വളരെ മോശമായാണ് പെരുമാറിയത്. ഞങ്ങൾക്ക് സുരക്ഷിതമായി തോന്നിയില്ല. ഞങ്ങൾ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ അതിന് ഒരു രീതിയുണ്ട്. ഇത് അങ്ങേയറ്റം ശല്യപ്പെടുത്തുന്നതായിരുന്നു”. എന്നായിരുന്നു നടി ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ച കുറിപ്പ്. നടിയുടെ കുറിപ്പിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കേരളപോലീസിനെ വിമർശിച്ച് പലരും സമാന അനുഭവങ്ങൾ പങ്കുവെയ്‌ക്കുന്നുണ്ട്.
















Comments