കൊച്ചി : ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിനിടെ ചെറിയ കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. കുട്ടികളെ രാഷ്‌ട്രീയ പാർട്ടികളുടെ റാലികളിൽ പങ്കെടുപ്പിക്കുന്നത് വിലക്കേണ്ടതല്ലെയെന്ന് കോടതി ചോദിച്ചു. പോക്‌സോ കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ജസ്റ്റിസ് പി ഗോപിനാഥിന്റെതാണ് പരാമർശം.
കുട്ടികളെ പാർട്ടിയുടെ റാലികളിൽ പങ്കെടുപ്പിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയായി വരികയാണ്. മനസ്സിൽ മതവിദ്വേഷവുമായി വളരുന്ന ഒരു പുതിയ തലമുറയെയാണോ അവർ വളർത്തിയെടുക്കുന്നത് എന്ന് കോടതി ചോദിച്ചു. ഈ കുട്ടികൾ വളർന്നു വരുമ്പോൾ ഇവരുടെ മനസ്സ് എങ്ങനെയാണ് രൂപപ്പെട്ടിട്ടുണ്ടാവുക. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പേരിൽ കുട്ടികളെ രാഷ്ടീയ, മത റാലികളുടെ ഭാഗമാക്കാമോയെന്നും കോടതി ആരാഞ്ഞു. കുട്ടികളെ രാഷ്‌ട്രീയ പാർട്ടികളുടെ റാലികളിൽ പങ്കെടുപ്പിക്കുന്നത് വിലക്കേണ്ടതല്ലെയെന്നാണ് കോടതി നിരീക്ഷിച്ചത്.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിക്കിടെയാണ് ചെറിയ കുട്ടിയെ തോളിലേറ്റി കൊലവിളി നടത്തിയത്. അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമാണ് ഒരു കുട്ടി മുദ്രാവാക്യം വിളിക്കുന്നത്. മറ്റൊരാളുടെ തോളിലിരുന്ന് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് മുദ്രാവാക്യം വിളി.
ഹിന്ദുക്കൾ മരണാനന്തര കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന അരിയും മലരും ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന കുന്തിരിക്കവും വാങ്ങിവെക്കണമെന്നാണ് മുദ്രാവാക്യത്തിൽ ആവശ്യപ്പെട്ടത്. ബാബറിയിൽ സുജുദ് ചെയ്യുമെന്നും കുട്ടി മുദ്രാവാക്യം വിളിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയെത്തുടർന്ന് അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രം തകർത്ത് പള്ളി നിർമ്മിക്കുമെന്ന അർത്ഥത്തിലാണ് പോപ്പുലർ ഫ്രണ്ട് ഈ മുദ്രാവാക്യം ഉയർത്തിയത്.
ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചു. പോപ്പുലർ ഫ്രണ്ടിന്റെ ഈ പ്രവൃത്തിയെ വിമർശിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. ആദ്യം ഇത് ഗൗരവത്തിലെടുക്കാതിരുന്ന പോലീസ് പ്രതിഷേധമുയർന്നതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വർഗീയ കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
















Comments