ന്യൂഡൽഹി: ഏഷ്യൻ മേഖലയിൽ ചൈനയുടെ സാമ്പത്തിക കുരുക്കുകളിൽ നിന്ന് രാജ്യങ്ങളെ രക്ഷിക്കാനുറച്ച് ക്വാഡ് സഖ്യം. ഇന്തോ-പസഫിക് മേഖലയിൽ സാമ്പത്തിക കൂട്ടായ്മയ്‌ക്കാണ് രൂപം നൽകിയിരിക്കുന്നത്. അമേരിക്ക നിയന്ത്രിക്കുന്ന സാമ്പത്തിക സഖ്യത്തിൽ ഇന്ത്യ ഇനി മുതൽ പ്രധാന പങ്കാളിയാകുമെന്നാണ് തീരുമാനം. ഇന്നലെ ആരംഭിച്ച ക്വാഡ് സഖ്യത്തിന്റെ നിർണ്ണായക യോഗത്തിലാണ് ഇന്ത്യ സാമ്പത്തിക സഖ്യത്തിന്റെ ഭാഗമാകണമെന്ന അമേരിക്കയുടെ അപേക്ഷ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിദ, ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി ആന്റണി അൽബാനീസ് എന്നിവരാണ് നിർണ്ണായക യോഗം ചേർന്നത്. യോഗത്തിൽ ബ്രൂണോയ്, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, ന്യൂസിലാന്റ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലന്റ്, വിയറ്റ്‌നാം എന്നീ രാജ്യത്തെ ഭരണത്തലവന്മാർ വെർച്വൽ സംവിധാനത്തിലൂടെ സാമ്പത്തിക ഉച്ചകോടിയുടെ ഭാഗമായി.
റഷ്യ യുക്രെയ്‌നെ ആക്രമിക്കുന്നതിനിടെ നാറ്റോ അടക്കമുള്ള എതിർചേരിയെ നയിക്കുന്ന തിരക്കിലാണ് അമേരിക്ക. ക്വാഡ് സഖ്യത്തെ ശക്തിപ്പെടുത്തുന്നതിലൂടെ റഷ്യയേയും ചൈനയേയും ഒരുപോലെ കുരുക്കാനാണ് ശ്രമം. ചൈനയെ ശക്തമായി പ്രതിരോധിക്കുന്ന ഇന്ത്യയുടെ പ്രതിരോധ വാണിജ്യ കരുത്തും റഷ്യയുമായി ഇന്ത്യയ്‌ക്കുള്ള ശക്തമായ പ്രതിരോധ വാണിജ്യ പങ്കാളിത്തവും അമേരിക്കയ്‌ക്ക് നിർണ്ണായകമാണ്.
ക്വാഡ് സഖ്യത്തിൽ ഇന്ത്യയുടെ പ്രതിരോധ വാണിജ്യരംഗത്തെ പങ്കാളിത്തം ശക്തമാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. മേഖലയിൽ ഇന്ത്യയ്‌ക്ക് എല്ലാ രാജ്യങ്ങളോടുമുള്ള മികച്ച നയതന്ത്രബന്ധത്തെ ഏറെ കരുത്തുള്ളതാണെന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. കൊറോണ മഹാമാരിയിലടക്കം ഇന്ത്യ ചെറു രാജ്യങ്ങൾക്കും ലോകശക്തികൾക്കും നൽകിക്കൊണ്ടിരിക്കുന്ന സഹായത്തെ ക്വാഡ് സഖ്യരാജ്യങ്ങൾ പ്രകീർത്തിച്ചുകൊണ്ടാണ് സാന്പത്തിക രംഗത്ത് ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പിക്കുന്നത്.
















Comments