ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ട് സമാജ്വാദി പാർട്ടിയിൽ ചേർന്നു. ഉത്തർപ്രദേശിൽ എസ്പിയുടെ ടിക്കറ്റിൽ അദ്ദേഹം രാജ്യസഭാ സീറ്റിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും കപിൽ സിബലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് വിട്ട കാര്യം കപിൽ സിബൽ സ്ഥിരീകരിച്ചത്. ലക്നൗവിൽ, അഖിലേഷ് യാദവിനും എസ്പി നേതാക്കൾക്കും ഒപ്പം എത്തിയാണ് അദ്ദേഹം രാജ്യസഭാ സീറ്റിനായുള്ള പത്രിക നൽകിയത്.
കോൺഗ്രസിലെ പരിഷ്കരണവാദികൾ ആയ ജി23യിൽ പെട്ട നേതാവായിരുന്നു കപിൽ സിബൽ. കോൺഗ്രസ് നേതൃത്വത്തിനെതിരെ പലപ്പോഴും പരസ്യമായി തന്നെ അദ്ദേഹം കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിലും കപിൽ സിബൽ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ മെയ് 16ന് കോൺഗ്രസിൽ നിന്ന് താൻ രാജി വച്ചുവെന്ന് കപിൽ സിബൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാജ്യസഭയിൽ സ്വതന്ത്ര ശബ്ദമാകാനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് കപിൽ സിബൽ വ്യക്തമാക്കി. ബിജെപിക്കെതിരായ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ചിന്തൻ ശിബിരത്തിന് ശേഷം കോൺഗ്രസിൽ നിന്ന് രാജി വയ്ക്കുന്ന മൂന്നാമത്തെ നേതാവാണ് കപിൽ സിബൽ. നിലവിൽ കോൺഗ്രസിന്റെ രാജ്യസഭാ അംഗമാണ് കപിൽ സിബൽ. ജൂലൈയിൽ അദ്ദേഹത്തിന്റെ കാലാവധി പൂർത്തിയാകും.
Comments