ലക്‌നൗ: വാടക കുടിശ്ശിക അടയ്‌ക്കാത്തിനെ തുടർന്ന് കെട്ടിട ഉടമ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ശാഖ അടപ്പിച്ചു. ജപ്തി ചെയ്തും മറ്റ് കെട്ടിടങ്ങൾ അടപ്പിച്ചുമുള്ള നടപടികൾ സാധാരണയായി ബാങ്ക് സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ഇവിടെ ബാങ്കിനെ ലോക്കിലാക്കിയത്. മീററ്റിലെ സകോതിയിലുള്ള ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കാണ് കെട്ടിട ഉടമ അടപ്പിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ എട്ട് വർഷത്തോളമായി ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയായ കിരൺപാൽ സിംഗും ബാങ്കധികൃതരും തമ്മിൽ തർക്കം തുടരുകയാണ്. ഒടുവിൽ വാടക കുടിശ്ശിക അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ചയായിരുന്നു ഉടമ ബാങ്ക് അടപ്പിച്ചത്.
മുഴുവൻ വാടക തുകയും ലഭിച്ചാൽ മാത്രമേ തുറന്നു നൽകൂവെന്ന് കിരൺപാൽ വ്യക്തമാക്കി. ഒടുവിൽ ബാങ്ക് മാനേജർ കയ്യും കാലും പിടിച്ചതോടെ പണം മുഴുവൻ അടയ്‌ക്കാതെ തന്നെ തുറന്നു നൽകാൻ കെട്ടിട ഉടമ തയ്യാറായി.
2007ലാണ് ബാങ്ക് പ്രവർത്തിക്കുന്നതിനായി കെട്ടിടം വാടകയ്‌ക്ക് നൽകിയത്. വർഷങ്ങൾ പിന്നിടുമ്പോൾ വാടക തുക വർധിപ്പിക്കുന്ന സ്ഥാനത്ത് വാടക തുക കുറയ്‌ക്കുകയാണ് ബാങ്ക് ചെയ്തതെന്നും ഉടമ ആരോപിച്ചു. കൃത്യമായി വാടക നൽകാറില്ലെന്നും ആരോപണമുണ്ട്. നിലവിൽ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.
Comments