ന്യൂഡൽഹി: 1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ സ്മാരകം ദേശീയ യുദ്ധ സ്മാരകവുമായി ലയിപ്പിക്കുന്നത് പൂർത്തിയായി. ഇന്ന് 1971 യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പ്രതീകമായ ഇൻവേർട്ടഡ് റൈഫിളും ഹെൽമറ്റും ഇന്ത്യാ ഗേറ്റിൽ നിന്ന് ദേശീയ യുദ്ധസ്മാരകത്തിലെ പരം യോദ്ധസ്ഥലിലേക്ക് മാറ്റി.
പരംവീരചക്ര പുരസ്‌കാര ജേതാക്കളുടെ അർദ്ധകായ പ്രതിമകൾക്കിടയിലാണ് ഇത് സ്ഥാപിച്ചത്. ഈ ചടങ്ങോടെ, 1971 ലെ യുദ്ധത്തിലെ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മാരകം ദേശീയ യുദ്ധസ്മാരകവുമായി സംയോജിപ്പിക്കുന്നത് പൂർത്തിയായി. ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്, ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിഐഎസ്‌സി) എയർ മാർഷൽ ബിആർ കൃഷ്ണ ചടങ്ങിന് നേതൃത്വം വഹിച്ചു. വ്യോമ, കര, നാവിക സേനയിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
തലതിരിച്ച് വെച്ച റൈഫിളും അതിന് മുകളിൽ ഉണ്ടായിരുന്ന യുദ്ധത്തിന് ഉയോഗിച്ച ഹെൽമെറ്റുമാണ് ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. ബയണറ്റ് സഹിതമുള്ള സെൽഫ് ലോഡിങ് എൽ1 എ1 റൈഫിളാണ് ഇൻവേർട്ടഡ് റൈഫിളായി വച്ചിരുന്നത്. ചടങ്ങിന്റെ ഭാഗമായി ഇന്ത്യാഗേറ്റിൽ അന്തിമ സല്യൂട്ട് നൽകുകയും റീത്ത് അർപ്പിക്കുകയും ചെയ്തതിനുശേഷമാണ് ഇൻവേർട്ടഡ് റൈഫിളും ഹെൽമറ്റും നീക്കം ചെയ്തത്. ആചാരപരമായി വാഹനത്തിൽ പരംയോദ്ധസ്ഥലിലേക്ക് പിന്നീട് കൊണ്ടുപോയി പുതുതായി നിർമ്മിച്ച സ്മാരകത്തിൽ സ്ഥാപിക്കുകയായിരുന്നു.
2019 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകം ഉദ്ഘാടനം ചെയ്തത്. 40 ഏക്കറിലധികം വ്യാപിച്ചു കിടക്കുന്നതാണ് സ്മാരകം. സ്വതന്ത്ര്യ ഇന്ത്യയിലെ വിവിധ യുദ്ധങ്ങളിലും സംഘട്ടനങ്ങളിലും വീരമൃത്യുവരിച്ച എല്ലാ സൈനികരുടേയും സ്മരണയ്‌ക്കായിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തിന് ശേഷം അമർ ജവാൻ ജ്യോതിയിലെ ജ്വാല ദേശീയ യുദ്ധസ്മാരകത്തിലേക്ക് ലയിപ്പിച്ചിരുന്നു.കൊളോണിയൽ ഭൂതകാലത്തിന്റെ പ്രതീകമായതിനാൽ ഇന്ത്യാഗേറ്റിലെ സൈനികരുടെ സ്മാരകം ദേശീയ യുദ്ധസ്മാരകത്തിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന പൊതു വിലയിരുത്തലിനെ തുടർന്നാണ് നടപടി.
















Comments