കൊൽക്കത്ത: മഹാമാരി മൂലം നിർത്തിവെച്ച പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിച്ചു. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യയ്‌ക്കും ബംഗ്ലാദേശിനും ഇടയിലുള്ള പാസഞ്ചർ ട്രെയിൻ സർവീസ് വീണ്ടും തുടങ്ങിയത്.
കൊൽക്കത്ത – ധാക്ക സർവീസ് നടത്തുന്ന കൊൽക്കത്ത മൈത്രീ എക്സ്പ്രസ്, കൊൽക്കത്ത – ഖുൽന സർവീസ് നടത്തുന്ന കൊൽക്കത്ത ബന്ധൻ എക്സ്പ്രസ് എന്നിവയാണ് ഞായറാഴ്ച പുനരാരംഭിച്ചത്.
ആദ്യ ദിവസം ബന്ധൻ എക്‌സ്പ്രസിൽ 19 യാത്രക്കാരാണ് കയറിയതെന്ന് പബ്ലിക് റിലേഷൻസ് ഓഫീസറും ഈസ്റ്റേൺ റെയിൽവേ അസിസ്റ്റന്റ് കൊമേഴ്‌സ്യൽ മാനേജരുമായ എച്ച്.എൻ ഗംഗോപാധ്യായ പറഞ്ഞു. മൈത്രീ എക്സ്പ്രസിൽ ആദ്യ ദിനം നൂറോളം യാത്രക്കാർ ഉണ്ടായിരുന്നു. വിനോദ സഞ്ചാരത്തിനും ആരോഗ്യ ആവശ്യങ്ങൾക്കുമായാണ് പ്രധാനമായും ബംഗ്ലാദേശിൽ നിന്നുള്ള യാത്രക്കാർ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ ആറ് പാസഞ്ചർ ട്രെയിനുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. എറണാകുളം ജംഗ്ഷൻ – ഗുരുവായൂർ (06438/06447), ഷൊർണൂർ ജംഗ്ഷൻ – നിലമ്പൂർ റോഡ് (06465/06468), ഗുരുവായൂർ -തൃശൂർ (06445/06446), കൊല്ലം ജംഗ്ഷൻ – തിരുവനന്തപുരം സെൻട്രൽ (06423/06424), കോട്ടയം – കൊല്ലം (06785/06786), പുനലൂർ – കൊല്ലം (06669/06670) എന്നീ പാസഞ്ചറുകളാണ് പുനരാരംഭിക്കുന്നത്.
















Comments