ഭോപ്പാൽ: ഗോൽഗപ്പ കഴിച്ചതിന് പിന്നാലെ നൂറോളം പേർ ആശുപത്രിയിൽ. മദ്ധ്യപ്രദേശിലെ മാൻഡ്‌ല ജില്ലയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്.
മാൻഡ്‌ലയിലെ സിംഗർപൂർ ഗ്രാമത്തിൽ മേള നടക്കുന്നതിനിടെ വിറ്റഴിച്ചിരുന്ന ഗോൽഗപ്പ കഴിച്ചവർക്കാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. അസുഖ ബാധിതരായ എല്ലാവരും ഒരേ കടയിൽ നിന്നാണ് ഗോൽഗപ്പ കഴിച്ചതെന്നാണ് വിവരം.
മേളയിൽ നിന്ന് ഗോൽഗപ്പ വാങ്ങിക്കഴിച്ച ഭൂരിഭാഗം ആളുകൾക്കും രാത്രിയായതോടെ ഛർദ്ദി ആരംഭിച്ചു. വയറുവേദനയും വയറിളക്കവും കലശലായതോടെ എല്ലാവരും ആശുപത്രിയിലെത്തുകയായിരുന്നു.
ആദ്യം ചില കുട്ടികളാണ് ആശുപത്രിയിലെത്തിയത്. വയറുവേദനയെ തുടർന്ന് എത്തിയ ഇവർ പിന്നീട് ഛർദ്ദിക്കാൻ തുടങ്ങി. ഇതിന് പിന്നാലെ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിലെത്തിയ എല്ലാവരും മേളയിൽ നിന്ന് ഗോൽഗപ്പ കഴിച്ചിരുന്നതായി വിവരം ലഭിച്ചതെന്ന് ജില്ലാ ആശുപത്രിയിലെ ഡോ. അങ്കിത് ചൗരാസിയ അറിയിച്ചു.
മേളയിൽ ഗോൽഗപ്പ വിറ്റിരുന്നയാൾ പ്രസിദ്ധനായ ഗോൽഗപ്പ കച്ചവടക്കാരനാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാളിൽ നിന്നും ഗോൽഗപ്പ വാങ്ങിക്കഴിച്ചവരിൽ 97 പേർ നിലവിൽ ആശുപത്രിയിലാണ്. ഇതിൽ 33 പേരും കുട്ടികളാണെന്നാണ് റിപ്പോർട്ട്. ഛർദ്ദി, വയറുവേദന, വയറിളക്കം, പനി എന്നിവയാണ് കുട്ടികളിൽ പ്രകടമായത്.
നിലവിൽ ആശുപത്രിയിൽ ചികിത്സ തേടിയ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഗോൽഗപ്പ വിറ്റഴിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തിൽ കേസെടുത്തതായും പോലീസ് അറിയിച്ചു.
Comments