ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികത്തിൽ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞ് ആഭ്യന്തരമന്ത്രി അമിത് ഷാ. 8 വർഷത്തെ സേവനം എന്ന ടാഗ് ലൈനിൽ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തിന് നൽകിയ സംഭാവനകൾ അമിത് ഷാ അക്കമിട്ട് നിരത്തിയത്.
ടെക്നോളജിയിലായാലും സ്പോർട്സിലായാലും ആരോഗ്യമോ പ്രതിരോധമോ ആയാലും വികസനത്തിലും പാവപ്പെട്ടവരുടെ ക്ഷേമത്തിലും നരേന്ദ്രമോദിയുടെ ഓരോ നയങ്ങളും നേട്ടങ്ങളും ഇന്ന് ലോകത്തിന് തന്നെ ഉദാഹരണമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. ദുരന്തത്തെപ്പോലും അവസരമാക്കി മാറ്റാൻ കഴിവുളള നേതൃത്വത്തിലൂടെ സാധിക്കുമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തതായി അമിത് ഷാ പറഞ്ഞു.
ഇന്ന് മോദിജിയിലൂടെ ഇന്ത്യയിലെ എല്ലാ വിഭാഗങ്ങൾക്കും അഭിമാനവും വിശ്വാസമുളള ഒരു നേതൃത്വം ഇന്ത്യയിൽ ഉണ്ടായിരിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതാണ് അതെന്നും ഞങ്ങളുടെ അക്ഷീണമായ കഠിനപ്രയത്നമാണ് ഈ വിശ്വാസത്തിന്റെ നെടുംതൂണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. 130 കോടി ഇന്ത്യക്കാരുടെ വിശ്വാസമാണ് ഇന്ത്യയെ എല്ലാ മേഖലയിലും മുന്നോട്ട് നയിക്കുന്ന ശക്തി.
എട്ട് വർഷമായി രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയ്ക്കും സ്വപ്നങ്ങൾക്കും ചിറക് പകരുകയായിരുന്നു നരേന്ദ്രമോദി. അത് അവരിൽ പുതിയ ആത്മവിശ്വാസമാണ് നിറച്ചത്. മികച്ച നേതൃത്വത്തിലൂടെയും ഇച്ഛാശക്തിയിലൂടെയും രാജ്യത്തെ സുരക്ഷിതമാക്കുക മാത്രമല്ല നരേന്ദ്രമോദി ചെയ്തത്. എല്ലാവർക്കും തല ഉയർത്തി നിൽക്കാൻ കഴിയുന്ന നിരവധി തീരുമാനങ്ങളും അദ്ദേഹം കൈക്കൊണ്ടതായി അമിത് ഷാ ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീരാണെങ്കിലും വടക്ക് കിഴക്കൻ മേഖലയാണെങ്കിലും ഇടത് ഭീകരവാദം വെല്ലുവിളി ഉയർത്തിയ മേഖലകളാണെങ്കിലും വികസനത്തിന്റെയും സമാധാനത്തിന്റെയും പുതിയ അദ്ധ്യായമാണ് നരേന്ദ്രമോദി എഴുതിയത്. നേതൃത്വ ശക്തികൊണ്ടും ദീർഘവീക്ഷണം കൊണ്ടുമാണ് ഇത് സാധ്യമായതെന്നും മോദി പറഞ്ഞു. ഇന്ന് ഈ മേഖലകൾ രാജ്യത്തെ മറ്റിടങ്ങൾക്കൊപ്പം മുന്നോട്ടു കുതിക്കുകയാണ്.
അധികാരത്തെ സേവനത്തിനുളള മാദ്ധ്യമമായി കണ്ട പ്രധാനമന്ത്രി പാവപ്പെട്ടവർക്കും വനിതകൾക്കും കർഷകർക്കും സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടവർക്കും അവരുടെ അവകാശങ്ങൾ നൽകുകയാണ് ചെയ്തതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. അതിലൂടെ അവരുടെ ജനാധിപത്യത്തിലുളള വിശ്വാസം പുനസ്ഥാപിക്കപ്പെടുകയും രാജ്യത്തിന്റെ വികസന യാത്രയിൽ പങ്കാളികളാകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
സ്വയംപര്യാപ്ത ഭാരതം എന്ന നരേന്ദ്രമോദിയുടെ നിശ്ചയദാർഢ്യം ഓരോ മേഖലയിലും രാജ്യത്തെ നേതൃനിരയിലെത്തിക്കുന്നതിന്റെ അടിസ്ഥാന ശിലയായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ആ നിശ്ചയദാർഢ്യം തെളിയിക്കേണ്ട ബാധ്യതയാണ് രാജ്യത്തെ ഓരോ പൗരനും ഉളളത്. അതിലൂടെ മാത്രമേ ശക്തമായ സ്വയംപര്യാപ്ത ഇന്ത്യയെ വരും തലമുറയ്ക്കായി നമുക്ക് നൽകാനാകൂവെന്നും അമിത് ഷാ കുറിച്ചു
Comments