ആലപ്പുഴ: വിദ്വേഷ റാലി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയാ തങ്ങളെ റിമാൻഡ് ചെയ്തു. പതിമൂന്നാം തീയതി വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായിരുന്നു യഹിയാ തങ്ങൾ.
അതേസമയം യഹിയാ തങ്ങൾ തൃശൂർ സ്വദേശിയായതിനാൽ എറണാകുളം കാക്കനാട് ജയിലലേക്ക് മാറ്റണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇത് തളളിയ കോടതി മാവേലിക്കര സബ് ജയിലിലേക്കാണ് യഹിയാ തങ്ങളെ അയച്ചത്. ഇന്നലെയാണ് യഹിയാ തങ്ങളെ അറസ്റ്റ് ചെയ്തത്.
അതിനിടെ ഹൈക്കോടതി ജഡ്ജിമാരെ അധിക്ഷേപിച്ചതിന് യഹിയാ തങ്ങൾക്കെതിരെ ആലപ്പുഴ പോലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആലപ്പുഴ സൗത്ത് പോലീസ് ആണ് സ്വമേധയാ കേസെടുത്തത്. വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്് എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യവേയാണ് യഹിയാ തങ്ങൾ ജഡ്ജിമാരെ അധിക്ഷേപിച്ചത്. പോപ്പുലർ ഫ്രണ്ടിനെതിരായ പരാമർശങ്ങളുടെയും പി.സി ജോർജിന് ജാമ്യം അനുവദിച്ച വിധിയുടെയും പശ്ചാത്തലത്തിലായിരുന്നു വാക്കുകൾ.
ഹൈക്കോടതിയിലെ ജഡ്ജിമാർ അടിക്കടി ഞെട്ടുകയാണെന്നും അവരിട്ടിരിക്കുന്ന അടിവസ്ത്രത്തിന്റെ നിറം കാവിയാണെന്നും അതിനാൽ ഞെട്ടൽ കൂടുമെന്നുമായിരുന്നു പരാമർശം. സംഭവത്തിൽ യഹിയാ തങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ നടന്ന റാലിയുടെ മുഖ്യ സംഘാടകനായിരുന്നു യഹിയാ തങ്ങൾ. ഇയാൾ ഉൾപ്പെടെ 28 പേരാണ് വിദ്വേഷ റാലി സംഘടിപ്പിച്ച കേസിൽ അറസ്റ്റിലായത്. വിവാദമായ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവും ഇതിൽ ഉൾപ്പെടും.
Comments